മക്ക- ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തിയ ഹാജിമാർക്ക് സേവനവുമായി ഐ.സി.എഫ്-ആർ.എസ്.സി വളണ്ടിയർ ടീം വിശുദ്ധഭൂമിയിൽ. വഴി തെറ്റിയ നിരവധി പേരെ കണ്ടെത്തി താമസസ്ഥലത്ത് എത്തിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് ടീം.
വഴിതെറ്റി നിൽക്കുന്ന രണ്ട് മലയാളി ഹാജ്ജിമാരെ അന്വേഷിച്ചു കണ്ടെത്തണമെന്ന എച്ച്.വി.സി കോർ ടീം അംഗം സാദിഖ് ചാലിയാർ നിന്ന് ലഭിച്ച നിർദേശ പ്രകാരം വളണ്ടിയർ ടീം അംഗങ്ങളായ അഹമ്മദ് സലിം കിഴിശേരി, അബൂബക്കർ സിദ്ധീഖ് പാലത്തിങ്ങൽ എന്നിവർ മൂന്നാം ട്രെയിൻ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് കൂട്ടം കൂടി നിൽക്കുന്നവരെ ശ്രദ്ധയിൽപ്പെട്ടത്. സർക്കാർ ഹജ് ഗ്രൂപ്പ് വഴി എത്തിയ തമിഴ്നാട് സ്വദേശി നിഷ അഷ്റഫ് ഇവിടെ തളർന്നുകിടക്കുന്നുണ്ടായിരുന്നു.
ജംറയിലെ ഒന്നമത്തെ ഏറു കഴിഞ്ഞാതിനു ശേഷം വഴിതെറ്റി മൂന്നാം ട്രെയിൻ സ്റ്റേഷന് എത്തിപെടുകയും കടുത്ത ചൂടു കാരണവും വിശന്നും ഇവർ വീണുപോകുകയായിരുന്നു. നിരവധി തവണ ആംബുലൻസ് സംവിധാനത്തിന് ശ്രമിച്ചെങ്കിലും അതിശക്തമായ മെഡിക്കൽ ട്രാഫിക് കാരണം എത്തിപ്പെടാനായില്ല.
മറ്റൊരു പരീക്ഷണം എന്ന നിലയിൽ എമർജൻസി കാൾ സംവിധാനത്തെ ബന്ധപ്പെടുകയും ഒടുവിൽ മണിക്കൂറുകൾ നീണ്ട ഫോള്ളോ അപ്പിന് ശേഷം റെഡ് ക്രസന്റ് ടീം വാട്ട്സാപ്പ് വഴി നൽകിയ നിർദേശം പ്രകാരം വളണ്ടിയേഴ്‌സ് നൽകിയ ലൊക്കേഷൻ മാപ്പ് വഴി എത്തിയ ആംബുലൻസ് സംവിധാനം ഉപയോഗിച്ചു മിന ജസാർ ഹോസ്പിറ്റൽ എത്തിച്ചു. സൂര്യതാപവും രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവും കാരണം നേരിട്ട പ്രയാസങ്ങൾക്ക് ചികിത്സയും പരിചരണവും നൽകി അസ്സീസിയലെ താമസ സ്ഥലത്തു എത്തിച്ചു.
ഇവരടക്കം നിരവധി പേരെ വളണ്ടിയർ ടീം പരിചരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായം തേടി വളണ്ടിയർ ടീമിന് ഫോണ് സന്ദേശം എത്തുന്നുണ്ട്.