ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം ഇന്നലെ രാത്രി ലോക ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീർ വീണു നനഞ്ഞു. സൗദി അറേബ്യയുടെ ഏറ്റവും പ്രൗഢമേറിയ ഫുട്ബോൾ കിരീടം ചുണ്ടിനും ചുംബനത്തിനും ഇടയിൽ നഷ്ടമായതിന്റെ വേദനയിൽ ക്രിസ്റ്റ്യാനോ പൊട്ടിക്കരഞ്ഞു. 120 മിനിറ്റ് കളം നിറഞ്ഞു കളിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ അൽ നസ്റിന് ചിരവൈരികളായ അൽ ഹിലാലിനോട് അടിയറവ് പറയേണ്ടി വന്നത്. നസ്റിന് വേണ്ടി അവസാനത്തെ രണ്ടു ഷോട്ടുകളും പാഴായതോടെ ഈ സീസണിൽ ഒരു കിരീടവുമില്ലാതെ അൽ നസ്റിന് സീസൺ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.
മത്സരം അവസാനിച്ച ഉടൻ ഗ്രൗണ്ടിൽ വീണു കരയുന്ന റൊണാൾഡോയെയാണ് ഫുട്ബോൾ ലോകം കണ്ടത്. കപ്പ് കൈവിട്ട് ഒരു കൊച്ചു കുട്ടിയെ പോലെ ക്രിസ്റ്റ്യാനോ വാവിട്ടു കരഞ്ഞു. ഗ്രൗണ്ടിൽനിന്ന് ക്ലബ് അധികൃതരും സഹതാരങ്ങളുമാണ് ക്രിസ്റ്റ്യാനോയെ എഴുന്നേൽപ്പിച്ചത്. ഫുട്ബോളിനോടുള്ള ക്രിസ്റ്റ്യാനോയുടെ തികഞ്ഞ അഭിനിവേശവും ആത്മാർത്ഥതയും ക്രിസ്റ്റ്യാനോയുടെ കണ്ണീരിന്റെ ആഴം കൂട്ടി.
സൗദി പ്രോ ലീഗിൽ (എസ്‌പിഎൽ) അൽ-ഹിലാലിനോട് റണ്ണേഴ്‌സ് അപ്പ് ആയി ഫിനിഷ് ചെയ്ത ക്രിസ്റ്റ്യാനോയുടെ നസ്റിന് സീസൺ വെള്ളിവെളിച്ചത്തിൽ അവസാനിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, മത്സരത്തിനിടെ കിട്ടിയ അവസരം മുതലാക്കാൻ കഴിയാതെ വന്നതും പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതും റൊണാൾഡോയെ കണ്ണീരിലാഴ്ത്തി.