റിയാദ് – റിയാദിലെ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍റഹീമിന്റെ മോചനദ്രവ്യമായി ശേഖരിച്ച ഒന്നര കോടി സൗദി റിയാല്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഇന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികള്‍ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്.
ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം ഇന്ന് രാവിലെ എംബസിയിലെത്തിച്ചു.
വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സര്‍ട്ടിഫൈഡ് ചെക്ക് ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പുവെക്കാന്‍ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ അല്ലെങ്കില്‍ കോടതി സാക്ഷ്യപ്പെടുത്തിയ പവര്‍ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവര്‍ണറേറ്റ് മുമ്പാകെ ഹാജരാകും. റഹീമിന്റെ വക്കീലും ഗവര്‍ണറേറ്റിലെത്തി കരാറില്‍ ഒപ്പു വെക്കും. പിന്നീട് കരാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്ന് കോടതിയിലേക്ക് നല്‍കും. കോടതി രേഖകള്‍ പരിശോധിച്ചതിന് ശേഷം നല്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചു തുടര്‍ നീക്കങ്ങള്‍ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.