ആലപ്പുഴ – ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ. ജലഗതാഗത വകുപ്പ് ജീവനക്കാരനായ പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ആണ് അറസ്റ്റിലായത്. കൊലയ്ക്കുശേഷം ഒളിവിൽ പോയ പ്രതിയെ കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്പതികളുടെ മകൾ അമ്പിളിയെ(36) ഇന്നലെ വൈകീട്ട് ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിച്ചന്തയിൽ വെച്ചാണ് രാജേഷ് കുത്തിക്കൊന്നത്. സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്റായ അമ്പിളി പ്രദേശത്തെ കളക്ഷൻ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ, ബൈക്കിലെത്തിയ രാജേഷ് ഭാര്യയുടെ സ്കൂട്ടറിന് പിന്നിൽ ഇടിച്ചു വീഴ്ത്തിയശേഷം കുത്തുകയായിരുന്നു. അമ്പിളിയുടെ കാഷ് ബാഗും കലക്ഷൻ മെഷീനുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. കഴുത്തിനും മുതുകിനും കുത്തേറ്റ അമ്പിളിയെ നാട്ടുകാർ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരച്ചിലിൽ രാജേഷിന്റെ വീടിന് പിന്നിൽ നിന്ന് കാലിയായ ബാഗും സംഭവ സ്ഥലത്ത് നിന്നു മൊബൈൽ ഫോണും ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു. സ്വന്തം വീട്ടിൽ നിന്നാണ് അമ്പിളി ജോലിക്ക് പോയിരുന്നത്. പല തവണ ചർച്ചകൾ നടത്തിയെങ്കിലും രമ്യതയിൽ എത്തിയിരുന്നില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് ചേർത്തല സി.ഐ ജി പ്രൈജു പറഞ്ഞു. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്ന് എസ്.ഐ കെ.പി അനിൽകുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group