- കേരളത്തിലെ 20 സീറ്റുകളും യു.ഡി.എഫിന് ഭദ്രമെന്ന് ലീഗ് നേതൃയോഗം
കോഴിക്കോട് – ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുപ്രഭാതം പത്രം പാർട്ടിക്ക് വിഷമം ഉണ്ടാക്കുന്ന സമീപനം സ്വീകരിച്ചതായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഇക്കാര്യം ചർച്ച ചെയ്തുവെന്നും സമസ്തയുമായി അഭിപ്രായം വ്യത്യാസമൊന്നുമില്ലെന്നും പാർട്ടിയുടെ അഭിപ്രായം സമസ്ത നേതൃത്വത്തെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രഭാതം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാവില്ലെന്ന് ലീഗ് നേതാക്കൾ നേരത്തെ അറിയിച്ചതാണ്. സംസ്ഥാന കമ്മിറ്റി ചേരുന്ന ദിവസമായതിനാലാണ് വിട്ടുനിന്നതെന്നും ചോദ്യങ്ങളോടായി അദ്ദേഹം പറഞ്ഞു. എന്നാൽ, ഉദ്ഘാടനം നിശ്ചയിച്ചതിന് ശേഷമല്ലേ ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചതെന്ന ചോദ്യത്തിന് അത്തരത്തിൽ മുടിനാരിഴ കീറി പരിശോധിക്കേണ്ടതില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫ് ജയിക്കുമെന്നും പാർട്ടി വിലയിരുത്തിയതായി യോഗശേഷം അദ്ദേഹം പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും മികച്ച വിജയം നേടും. കേരളത്തിൽ ഭിന്നിച്ച് വോട്ട് നേടാനാണ് സി.പി.എം ശ്രമിച്ചത്. ബി.ജെ.പിയുടെ തനി പകർപ്പായി സി.പി.എമ്മും മാറി. വ്യാജ പ്രചാരണം സമൂഹത്തിൽ അപകടകരമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും വടകരയിൽ സർവ്വകക്ഷി യോഗം വിളിക്കേണ്ടത് സർക്കാരാണെന്നും വിളിച്ചാൽ സഹകരിക്കുമെന്നും ഇനി ആവശ്യപ്പെടേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി ചോദ്യങ്ങളോടായി പ്രതികരിച്ചു.