കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ ഭർതൃവീട്ടിൽ വച്ച് യുവതിയെ ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതി രാഹുലിനെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി.
കേരള പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോളാണ് നോട്ടീസ് പുറത്തിറക്കിയത്. രാഹുല്‍ വിദേശത്തേക്ക് കടന്നെന്ന സൂചനയെ തുടര്‍ന്നാണ് നോട്ടീസ്.
നേരത്തേ രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകയിൽനിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയത്.
കർണാടകയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ തന്നെ ക്രൂരമായി മർദിച്ചെന്നാണ് പറവൂർ സ്വദേശിയായ യുവതിയുടെ പരാതി.
കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുൽ ഒരു രാത്രി മുഴുവൻ പൂട്ടിയിട്ട മുറിയിൽ വച്ച് മർദിച്ചെന്നും പരാതിയിൽ പറയുന്നു.