റിയാദ്- കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
കിഴക്കന്‍ പ്രവിശ്യയിലേക്ക് ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും റിയാദിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി തടഞ്ഞ് തകര്‍ക്കുകയായിരുന്നു. തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ആളപായമോ പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടാനുള്ള ഏതൊരു ശ്രമത്തിനും തിരിച്ചടി നല്‍കുമെന്ന് സഖ്യസേന വ്യക്തമാക്കി.
യെമനിലെ സഅ്ദ ഗവര്‍ണറേറ്റിലെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചര്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു, ജിസാന്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ ഉപയോഗിച്ച മിസൈല്‍ ലോഞ്ചറാണ് തകര്‍ത്തത്. യെമനിലെയും സൗദിയിലെയും സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് മനഃപൂര്‍വ്വവും വ്യവസ്ഥാപിതവുമായ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താനും തെക്കന്‍ ചെങ്കടലിലും ബാബ് അല്‍മന്ദബ് കടലിടുക്കിലും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിന് ഭീഷണി സൃഷ്ടിക്കാനും ഹൂത്തി ഭീകരര്‍ ഉപയോഗിക്കുന്ന സുപ്രധാന ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ സഖ്യസേന ഇന്നലെ രാത്രി പ്രത്യേക ഓപ്പറേഷന് നടത്തിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത് ഉള്‍പ്പെടെ, ഹൂത്തി ഭീകരുടെ സൈനിക ഓപ്പറേഷനുകളെയും ഭീകര പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്ന ഉറവിടങ്ങളാണ് നശിപ്പിച്ചത്. സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തി ഭീകരര്‍ നടത്തുന്ന ഏതൊരു ഭീകര പ്രവര്‍ത്തനത്തിനും സഖ്യസേന ഉടനടി പ്രതികരിക്കും. അന്താരാഷ്ട്ര മാനുഷിക നിയമത്തിനും അതിന്റെ പതിവ് നിയമങ്ങള്‍ക്കും അനുസൃതമായാണ് സഖ്യസേന ഓപ്പറേഷനുകള്‍ നടത്തുന്നതെന്നും മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.



