ദോഹ- ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഹെയ്തിയെ 2-1ന് തകർത്ത് സൗദി അറേബ്യ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ദോഹയിലെ ആസ്പയർ സോണിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു സൗദിയുടെ ആവേശകരമായ തിരിച്ചുവരവ്.
28-ാം മിനിറ്റിൽ സ്റ്റീഫൻ റാമോസിലൂടെ ഹെയ്തി മുന്നിലെത്തി. റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും, വാർ പരിശോധനയിലൂടെ ഗോൾ അനുവദിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച സൗദിക്കായി ലോ ക്രോസിൽ നിന്ന് അബ്ദുള്ള അൽ ദോസരി സമനില ഗോൾ നേടി. മധ്യവരയിൽ നിന്ന് പന്തുമായി കുതിച്ച സെയ്ദ് അൽ ബുരി 78-ാം മിനിറ്റിൽ നേടിയ തകർപ്പൻ ഗോളിലൂടെ സൗദി വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഉറുഗ്വേയെ 3-0ന് തോൽപ്പിച്ചതോടെ, ഗ്രൂപ്പിൽ ഫ്രാൻസ്, സൗദി അറേബ്യ, ഉറുഗ്വേ എന്നീ മൂന്ന് ടീമുകൾക്കും 6 പോയിന്റ് വീതമായി. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഫ്രാൻസ് ഒന്നാമതും സൗദി അറേബ്യ രണ്ടാമതും ഫിനിഷ് ചെയ്ത് നോക്കൗട്ടിലേക്ക് യോഗ്യത നേടി. മൂന്നാം സ്ഥാനത്തായ ഉറുഗ്വേ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നായി അടുത്ത റൗണ്ടിലെത്തിയപ്പോൾ, മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഹെയ്തി ടൂർണമെന്റിൽ നിന്ന് പുറത്തായി.



