റിയാദ്– സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലും കിഴക്കന്‍ പ്രവിശ്യയിലെ റാസ് തന്നൂറ എണ്ണ ശുദ്ധീകരണശാലയിലും (റിഫൈനറി) ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി വിമതര്‍ അവകാശപ്പെട്ടു. തങ്ങളുടെ പ്രദേശങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു.
റാസ് തന്നൂറ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം കൃത്യവും നേരിട്ടുള്ളതുമായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ശുദ്ധീകരണശാലയില്‍ തീപിടുത്തമുണ്ടായെന്നും യഹ്യ സരീഅ് അവകാശപ്പെട്ടു. റിയാദില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയതെന്നും ലക്ഷ്യസ്ഥാനങ്ങളില്‍ ഇവ കൃത്യമായി പതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വന്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം സൗദി വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. രാവിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ഏഴ് ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു.
പ്രധാന എണ്ണ വ്യവസായ കേന്ദ്രമായ റാസ് തന്നൂറ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി. തകര്‍ക്കപ്പെട്ട ഡ്രോണുകളുടെയും ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ പതിച്ചെങ്കിലും ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കിഴക്കന്‍ പ്രവിശ്യയിലെ മറ്റിടങ്ങളിലേക്ക് അയച്ച മൂന്ന് ഡ്രോണുകളും സൈന്യം നിര്‍വീര്യമാക്കി.
റിയാദില്‍ ഇന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി സഖ്യസേന സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം റിയാദിലെ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലുള്ള സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആസ്ഥാനത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു.



