കുവൈത്ത് സിറ്റി– ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) ഏകീകൃത എക്സൈസ് നികുതി കരാറിന് അംഗീകാരം നല്‍കി കുവൈത്ത് അമീര്‍ ശൈഖ് മിഷ്അല്‍ അല്‍അഹ്‌മദ് അല്‍ജാബര്‍ അല്‍സ്വബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. ജി.സി.സിയില്‍ നികുതി നിയമങ്ങള്‍ ഏകീകരിക്കാനും പ്രാദേശിക സാമ്പത്തിക സംയോജനം ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തില്‍ വരും.
2016 നവംബര്‍ 27-ന് റിയാദില്‍ ഒപ്പുവെച്ച മൂല കരാറിനെയും, 2025 ജൂണ്‍ 1-ന് ഒപ്പുവെച്ച ഭേദഗതിയെയുമാണ് തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കുന്നതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജി.സി.സി ചാര്‍ട്ടറുമായും 2003-ലെ 5-ാം നമ്പര്‍ നിയമപ്രകാരം കുവൈത്ത് അംഗീകരിച്ച ജി.സി.സി സാമ്പത്തിക കരാറുമായും ചേര്‍ന്നുപോകുന്നതാണ് പുതിയ തീരുമാനമെന്ന് വിശദീകരണ കുറിപ്പ് വ്യക്തമാക്കുന്നു.
പ്രധാന വ്യവസ്ഥകള്‍
- നിരക്കുകളും നടപടിക്രമങ്ങളും: ഒമ്പത് അധ്യായങ്ങളും 29 വകുപ്പുകളുമുള്ള കരാറില്‍ നികുതി ബാധകമായ മൂല്യം നിര്‍ണ്ണയിക്കല്‍, നികുതി നിരക്കുകള്‍, അടയ്ക്കേണ്ട സമയം, താല്‍ക്കാലികമായി നിര്‍ത്തിവെക്കാവുന്ന സാഹചര്യങ്ങള്‍, ഇളവുകള്‍, റീഫണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
- ബിസിനസ്സ് ചുമതലകള്‍: എക്സൈസ് നികുതിക്ക് വിധേയമായ സ്ഥാപനങ്ങള്‍ ലൈസന്‍സിംഗ്, രജിസ്ട്രേഷന്‍ നടപടികള്‍ പാലിക്കണം. അക്കൗണ്ടിംഗ് രേഖകള്‍ സൂക്ഷിക്കുകയും കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും വേണം.
- പരിശോധനയും വിവരക്കൈമാറ്റവും: പരിശോധനകള്‍, നിരീക്ഷണം, ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക അടയാളങ്ങള്‍ പതിക്കല്‍ എന്നിവ കരാറിലുണ്ട്. അംഗരാജ്യങ്ങളിലെ നികുതി അധികൃതര്‍ തമ്മില്‍ രഹസ്യ സ്വഭാവത്തോടെ വിവരങ്ങള്‍ കൈമാറാനും ഇലക്ട്രോണിക് സേവനങ്ങള്‍ വികസിപ്പിക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
- ശിക്ഷാനടപടികളും അപ്പീലും: നിയമലംഘനങ്ങള്‍ക്കുള്ള ഭരണപരമായ പിഴകള്‍ ആര്‍ട്ടിക്കിള്‍ 22-ലും, നികുതി വെട്ടിപ്പിന്റെ നിര്‍വചനവും ശിക്ഷാനടപടികളും ആര്‍ട്ടിക്കിള്‍ 23-ലും പ്രതിപാദിക്കുന്നു. നികുതിദായകര്‍ക്ക് പരാതി-അപ്പീല്‍ നടപടിക്രമങ്ങളും പ്രാദേശിക കോടതികളെയും സമീപിക്കാന്‍ അവകാശമുണ്ടായിരിക്കും.
പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍
ജി.സി.സി രാജ്യങ്ങളില്‍ എക്സൈസ് നികുതി നടപ്പിലാക്കുന്ന അവസാന രാജ്യമാണ് കുവൈത്ത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിലവില്‍ എക്സൈസ് നികുതി നിലവിലുണ്ട്. കഴിഞ്ഞ മാസം കുവൈത്ത് മന്ത്രിസഭ കരട് ഉത്തരവിന് അംഗീകാരം നല്‍കിയിരുന്നു. നികുതി പിരിവ് ആരംഭിക്കുന്ന കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുകയും ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയുമാണ് ലക്ഷ്യം. എക്സൈസ് നികുതിയിലൂടെ പ്രതിവര്‍ഷം ഏകദേശം 20 കോടി കുവൈത്ത് ദീനാര്‍ വരുമാനം ലഭിക്കുമെന്ന് കുവൈത്ത് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
നികുതി പ്രാബല്യത്തില്‍ വരുന്നതോടെ പുകയില ഉല്‍പ്പന്നങ്ങള്‍, സിഗരറ്റുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയ്ക്ക് 100 ശതമാനവും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവും വില കൂടും. മധുരം ചേര്‍ത്ത പാനീയങ്ങളുടെ വില പഞ്ചസാരയുടെ അളവിനനുസരിച്ച് നിശ്ചയിക്കുമെന്ന് കുവൈറ്റ് ടി.വി അറിയിച്ചു.



