റിയാദ്- ഹ്രസ്വസന്ദർശനാർത്ഥം റിയാദിലെത്തിയ ടി.വി. ഇബ്രാഹീം എം.എൽ.എ ക്ക് റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണവും, ‘വിന്റർ വൈബ്-2026’ എന്ന പേരിൽ കുടുംബസംഗമവും സംഘടിപ്പിച്ചു. ദിരാബിലെ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ മണ്ഡലത്തിലെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി,ടി.വി. ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ക്ഷേമത്തിനായി നിയമസഭയ്ക്കകത്തും പുറത്തും നടത്തുന്ന ഇടപെടലുകളെക്കുറിച്ചും നാട്ടിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന, മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ, സൗദിയിലെ പ്രവാസികൾ നിലവിൽ നേരിടുന്ന യാത്രാപ്രതിസന്ധികൾ തുടങ്ങി പ്രവർത്തകർ ഉന്നയിച്ച വിവിധ വിഷയങ്ങളും ആശങ്കകളും അദ്ദേഹം ശ്രദ്ധാപൂർവം കേൾക്കുകയും മറുപടി നൽകുകയും ചെയ്തു. നാട്ടിലെത്തിയാലുടൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിൽ വിഷയങ്ങൾ കൊണ്ടുവരുമെന്നും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ചടങ്ങിൽ അഡ്വ: ഹബീബ് റഹ്മാൻ തന്റെ മകന്റെ സ്മരണയ്ക്കായി തുടക്കം കുറിക്കുന്ന “ഹനീൻ ഫൗണ്ടേഷൻ എജ്യുക്കേഷണൽ അവാർഡ്സ്-2027’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ടി.വി. ഇബ്രാഹിം നിർവഹിച്ചു. ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും ഹബീബ് റഹ്മാൻ വിശദീകരിച്ചു.
എം എൽ എക്കൊപ്പം നാട്ടിൽ നിന്നെത്തിയ മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ജലീൽ മുണ്ടോടൻ, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി, മലപ്പുറം ജില്ലാ കമ്മിറ്റി എന്നിവയിലെ പ്രമുഖ നേതാക്കൾ ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ പഞ്ചായത്ത്/മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വിന്റർ വൈബിന്റെ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ സ്നേഹവിരുന്നും സൗഹൃദ സംഭാഷണങ്ങളും കുടുംബാംഗങ്ങൾക്കും പ്രവർത്തകർക്കും ഒരുപോലെ വേറിട്ട അനുഭവമായി.
സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.
മാസ് മുവാഅദ് ഖിറാഅത്ത് നടത്തി.
മുനീർ വാഴക്കാട്, ബഷീർ വിരിപ്പാടം, വാഹിദ് കൊണ്ടോട്ടി, ഫസൽ കുമ്മാളി, സൈദ് പെരിങ്ങാവ്,ലത്തീഫ് കുറിയേടം, മുസ്തഫ മുസ്ലിയാരങ്ങാടി, റിയാസ് സിയാംകണ്ടം, സൈദ് എളമരം, വഹാബ് പുളിക്കൽ, മുകലിസ് മുതുവല്ലൂർ, മുനീർ കൊട്ടുക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടിയുടെ സംഘാടനത്തിലും വിജയത്തിലും മണ്ഡലം വനിതാ വിങ്ങിന്റെ സജീവമായ സഹകരണവും പങ്കാളിത്തവും ശ്രദ്ധേയമായി.



