മനാമ– ശനിയാഴ്ച രാത്രി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ സിവിലിയൻ വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധയുണ്ടായി. സിവിൽ ഡിഫൻസ് സേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമിക്കപ്പെട്ട സ്ഥാപനം ഏതാണെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്നോ അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ്
മിസൈൽ-ഡ്രോൺ ഭീഷണികളെ തുടർന്ന് രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങുകയും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മൊബൈൽ ഫോണുകളിലേക്ക് അയച്ച സന്ദേശത്തിലൂടെ, പൗരന്മാരോടും പ്രവാസികളോടും പരിഭ്രാന്തരാകാതെ അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ മന്ത്രാലയം നിർദ്ദേശിച്ചു. അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രധാന റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
സിത്ര ദ്വീപിൽ പുകപടലങ്ങൾ
ബഹ്റൈനിലെ യു.എസ്. സൈനിക റഡാർ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കിഴക്കൻ തീരത്തുള്ള സിത്ര ദ്വീപിന് മുകളിൽ കറുത്ത പുക ഉയരുന്നത് കണ്ടതായി പ്രദേശവാസികൾ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ ബാപ്കോയുടെ റിഫൈനറി ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണിത്.
തുടരുന്ന സംഘർഷം; യു.എന്നിൽ പ്രതിഷേധവുമായി ബഹ്റൈൻ
സെപ്റ്റംബറിന് ശേഷം ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക ശാന്തതയ്ക്ക് വിരാമമിട്ടുകൊണ്ട് ഈ മാസം ബഹ്റൈന് നേരെ ഇറാൻ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. നവംബർ 13, 15, 17, 18 തീയതികളിലും സമാനമായ രീതിയിൽ ആക്രമണങ്ങളുണ്ടായിരുന്നു. ഇവയിൽ പലതും ബഹ്റൈൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു. ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടികളോടെ ആരംഭിച്ച യുദ്ധത്തിന്റെ ആദ്യഘട്ടത്തിലും, യു.എസ്. നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈൻ കനത്ത ആക്രമണങ്ങൾ നേരിട്ടിരുന്നു.
അതേസമയം, ശനിയാഴ്ച ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ കത്തിൽ ഇറാന്റെ ആക്രമണങ്ങളെ ബഹ്റൈൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിനായി തിരിച്ചടിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് ബഹ്റൈൻ കത്തിൽ വ്യക്തമാക്കി.



