റിയാദ്- കൃഷിയിടത്തിലെ ജോലിക്കിടെ ട്രാക്ടർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി നാലുമാസത്തെ ചികിത്സയ്ക്കൊടുവിൽ മരണമടഞ്ഞു. തമിഴ്നാട് ചിറ്റൂർ സ്വദേശി ധർമ്മദുരൈ (27) ആണ് അൽഖർജിൽ മരിച്ചത്.
കൃഷിയിടത്തിലെ ട്രാക്ടർ ഡ്രൈവറായിരുന്ന സഹപ്രവർത്തകൻ അവധിക്ക് പോയതിനെത്തുടർന്നാണ് ധർമ്മദുരൈ വാഹനം ഓടിക്കാൻ ശ്രമിച്ചത്. വാഹനത്തിൽ കയറാതെ പുറത്തുനിന്ന് സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈ ഗിയറിൽ തട്ടുകയായിരുന്നു. ഇതോടെ മുന്നോട്ടു കുതിച്ച ട്രാക്ടറിന് സമീപം നിന്നിരുന്ന ധർമ്മദുരൈ വാഹനത്തിനടിയിലേക്ക് മറിഞ്ഞുവീണു. തലയിലൂടെ ട്രാക്ടർ കയറിയിറങ്ങിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അൽഖർജ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമാസത്തോളം ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുമ്പാണ് ധർമ്മദുരൈ സൗദിയിലെത്തിയത്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അച്ഛനും അമ്മയും അടങ്ങുന്നതാണ് കുടുംബം. അഞ്ചുമാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ ധർമ്മദുരൈക്ക് ഇതുവരെ കാണാൻ കഴിഞ്ഞിരുന്നില്ല. പ്രവാസജീവിതത്തിലൂടെ കുടുംബത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമത്തിനിടെയാണ് അപ്രതീക്ഷിത മരണം.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.



