തെഹ്റാന്– ഹോര്‍മുസ് കടലിടുക്കിലെ ഖെഷം ദ്വീപിന് മുകളില്‍ വെച്ച് അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന് അവകാശപ്പെട്ടു. ചൊവ്വാഴ്ച ഖെഷം ദ്വീപിലെ ഇറാന് മിസൈല്‍ കേന്ദ്രത്തിന് നേരെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാന്റെ പുതിയ അവകാശവാദം. എന്നാല്‍ ഡ്രോണ്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്തയോട് യു.എസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് ടാങ്കര്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യു.കെ.എം.ടി.ഒ) അറിയിച്ചു. ഒമാനിലെ ഖസബിന് 11 നോട്ടിക്കല്‍ മൈല്‍ വടക്കും 17 നോട്ടിക്കല്‍ മൈല്‍ കിഴക്കുമായാണ് രണ്ട് കപ്പലുകള്‍ക്ക് നേരെ പ്രൊജക്ടൈലുകള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇതില്‍ ഒരു ടാങ്കറിന്റെ എന്ജിന് റൂമിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നിരോധിത മേഖലയില്‍ എണ്ണ ടാങ്കറിന് തീപിടിച്ചു
ഹോര്‍മുസ് കടലിടുക്കിന് കിഴക്ക് നിരോധിത മേഖലയില്‍ വെച്ച്, മൈനില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു എണ്ണ ടാങ്കറിന് തീപിടിച്ചതായി ഇറാന് നാവികസേന അറിയിച്ചു. മുന്നറിയിപ്പുകളും സമുദ്ര സഞ്ചാര ചട്ടങ്ങളും അവഗണിച്ച്, തിരിച്ചറിയല്‍ സംവിധാനങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും ഓഫാക്കിയാണ് കപ്പല്‍ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതെന്ന് ഇറാന് സര്‍ക്കാര്‍ ടെലിവിഷനിലൂടെ നാവികസേന വ്യക്തമാക്കി.
ശനിയാഴ്ച രണ്ട് ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടന്നതായി ബ്രിട്ടീഷ് മാരിടൈം ഏജന്‍സിയായ യു.കെ.എം.ടി.ഒ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ടാങ്കറുകളില്‍ ഒന്നിന് മൈനില്‍ ഇടിച്ച് തീപിടിച്ചതായുള്ള ഇറാന്റെ വിശദീകരണം പുറത്തുവന്നത്.



