കുവൈത്ത് സിറ്റി– ജലീബ് അൽഷുയൂഖ് മേഖലയിൽ ജീർണിച്ചതും സുരക്ഷിതമല്ലാത്തതുമായ 494 കെട്ടിടങ്ങൾ അടിയന്തരമായി ഒഴിപ്പിച്ച് പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെന്റ് ഇൻസ്പെക്ഷൻ സെന്റർ നടത്തിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മനാൽ അൽഅസ്ഫൂർ ഈ തീരുമാനമെടുത്തത്. ഈ കെട്ടിടങ്ങൾ ഏതുനിമിഷവും തകർന്നുവീഴാൻ സാധ്യതയുള്ളതാണെന്നും, താമസക്കാരുടെ ജീവനും സ്വത്തിനും പൊതുസുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉടമകളുമായി ബന്ധപ്പെടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡയറക്ടർ ജനറൽ നിർദ്ദേശം നൽകി. ഉത്തരവ് പാലിക്കാൻ ഉടമകൾ തയ്യാറായില്ലെങ്കിൽ, അവരുടെ ചെലവിൽ തന്നെ മുനിസിപ്പാലിറ്റി കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാനമായ ഉത്തരവുകൾ അവഗണിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി പഴയ കെട്ടിടങ്ങൾ അധികൃതർ ഇടിച്ചുനിരത്തിയിരുന്നു.
അതേസമയം, ജലീബ് അൽഷുയൂഖ് പോലുള്ള പ്രദേശങ്ങളിലെ അമിതമായ ജനസാന്ദ്രതയും തിരക്കും കുറയ്ക്കുന്നതിനായി, ഇവിടെ താമസിക്കുന്ന ആയിരക്കണക്കിന് പ്രവാസികളെ മാറ്റിപ്പാർപ്പിക്കാൻ ലേബർ സിറ്റികളുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.



