റിയാദ്- പശ്ചിമ യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്തു നിന്ന് സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി സാധാരണക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് സഖ്യസേന ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ള അല്‍ഹുദൈദ തുറമുഖവും സമീപപ്രദേശങ്ങളും വ്യക്തമാക്കുന്ന മാപ്പും സഖ്യസേന പുറത്തുവിട്ടു. ചെങ്കടലിലെ കപ്പലുകള്‍ അടക്കം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഈ പ്രദേശങ്ങളില്‍ വൈകാതെ സഖ്യസേനയുടെ ആക്രമണമുണ്ടാകുമെന്നാണ് കരുതുന്നത്.
ദക്ഷിണ സൗദി അറേബ്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ഇന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും രണ്ടു ഡ്രോണുകളും റിയാദിലേക്ക് വിക്ഷേപിച്ച മറ്റൊരു ഡ്രോണും ലക്ഷ്യങ്ങളിലെത്തുന്നതിനു മുമ്പായി തടഞ്ഞ് തകര്‍ത്തതായും സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.



