റിയാദ് – റിയാദിലേക്ക് ഹൂത്തി ഭീകരവാദ മിലീഷ്യ റിയാദിലേക്ക് വിക്ഷേപിച്ച ക്രൂയിസ് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. തകര്‍ത്ത മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് പരിക്കുകളോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യെമനില്‍ ഹൂത്തികളുടെ സൈനിക ശേഷികളെ ലക്ഷ്യം വെച്ചുള്ള ഗുണപരമായ സൈനിക നടപടി പൂര്‍ത്തിയാക്കിയതായി സഖ്യസേന അറിയിച്ചു. ഇതിലൂടെ സന്‍ആ, ഹുദൈദ, അംറാന്‍, സഅ്ദ എന്നിവിടങ്ങളിലെ 60 സൈനിക ലക്ഷ്യങ്ങള്‍ നശിപ്പിക്കപ്പെട്ടു.
ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണ ശേഷി ദുര്‍ബലപ്പെടുത്തുന്നതിലും സമുദ്ര ഭീഷണികളെ നിര്‍വീര്യമാക്കുന്നതിലും കേന്ദ്രീകരിച്ചാണ് ഓപ്പറേഷന് നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ സംഭരണ കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന തുരങ്കങ്ങളും ഡ്രോണുകള്‍ കൂട്ടിച്ചേര്‍ക്കാനും സംഭരിക്കാനുമുള്ള വര്‍ക്ക് ഷോപ്പുകളും തകര്‍ക്കപ്പെട്ട ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതായി സഖ്യസേന പറഞ്ഞു.



