ദുബായ്- നടി അനു സിത്താരയുടെ കമലദളവും, വിൻസ്മേരയും, വന്താര സ്റ്റുഡിയോസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അലൈപായുതേ സീസൺ 1’ പരിപാടിയിൽ ദിലീപ് – നാദിർഷ സ്റ്റേജ് ഷോ അരങ്ങേറും. ഡിസംബർ 12-ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പരിപാടിയിൽ അയ്യായിരത്തിലേറെ കാണികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.
ഇതിനകം യൂറോപ്പിൽ അരങ്ങേറി വിജയിച്ച ഷോയിലൂടെ വർഷങ്ങൾക്ക് ശേഷം ദിലീപും നാദിർഷായും ഒന്നിച്ച് യു എ ഇയിലെത്തുന്നു എന്ന സവിശേഷതയുണ്ട്. ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യു എ ഇയിലെ മുഴുവൻ മലയാളി കുടുംബങ്ങൾക്കും ഇതൊരു അവിസ്മരണീയമായ ആഘോഷമായിരിക്കുമെന്നും നാദിർഷാ പറഞ്ഞു.
തമാശയും പാട്ടും നൃത്തവുമടങ്ങിയ പരിപാടിയിൽ ദിലീപ്, നാദിർഷാ എന്നിവരോടൊപ്പം സംഗീത സംവിധായകൻ ശരത്തും പരിപാടിക്ക് നേതൃത്വം നൽകും. പരിപാടിയിലേയ്ക്കുള്ള ടിക്കറ്റുകൾ വിൻസ്മേര ജ്വല്ലേഴ്സിന്റെ വിവിധ ശാഖകളിൽ ലഭ്യമാണ്.
വാർത്താ സമ്മേളനത്തിൽ വിൻസ്മേര ചെയർമാൻ ദിനേശ് കമ്പ്രത്ത്, പ്രശസ്ത താരം അനു സിത്താര, നാദിർഷാ, ഹരീഷ് കുമാർ, വന്താര സ്റ്റുഡിയോസിന്റെ രാജ്മോഹൻ, വിഷ്ണു പ്രസാദ്, സ്മൃതി രാജ്മോഹൻ, ഗായത്രി ഹരീഷ് തുടങ്ങിയവർ സംബന്ധിച്ചു.



