അബുദാബി- യു.എ.ഇയിൽ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത ചട്ടങ്ങൾ പ്രകാരം ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ നിലവിൽ വരുന്നു. നഗരപരിധിക്കുള്ളിൽ വലിയ ട്രക്കുകളും ബസുകളും പരസ്പരം ഓവർടേക്ക് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. വാഹനങ്ങളുടെ ഭാരം, സഞ്ചരിക്കേണ്ട പാതകൾ, ഡ്രൈവർമാരുടെ കാഴ്ചാശേഷി എന്നിവ സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങളുണ്ട്.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട 2024-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 14-ന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഉൾക്കൊള്ളുന്ന 2026-ലെ 174-ാം നമ്പർ ക്യാബിനറ്റ് തീരുമാനത്തിലാണ് ഈ വ്യവസ്ഥകളുള്ളത്.
പ്രധാന ഗതാഗത നിബന്ധനകൾ:
- ഓവർടേക്കിങ് നിയന്ത്രണം: 34-ാം വകുപ്പ് പ്രകാരം നഗരപരിധിക്കുള്ളിൽ വലിയ ബസുകൾക്കും ഭാരവാഹനങ്ങൾക്കും പരസ്പരം ഓവർടേക്ക് ചെയ്യാൻ അനുവാദമില്ല. നഗരത്തിന് പുറത്ത് ഗതാഗത തടസ്സമുണ്ടാക്കാത്ത സാഹചര്യത്തിൽ മാത്രമേ ഇത് അനുവദിക്കൂ. നിശ്ചിത ട്രാക്കുകൾ വിട്ട് സഞ്ചരിക്കാനും പാടില്ല.
- പാതയും ഭാരപരിധിയും: 31-ാം വകുപ്പ് പ്രകാരം ഡ്രൈവർമാർ റോഡിന്റെ വലതുവശം ചേർന്ന് മാത്രം വാഹനമോടിക്കണം. അനുവദനീയമായ ഭാരപരിധിയോ ഉയരപരിധിയോ ലംഘിക്കാൻ പാടില്ല.
- യാത്രക്കാരും ചരക്കും: വാഹന ഉടമയുടെ ജീവനക്കാരെയും ചരക്ക് കയറ്റിറക്ക് തൊഴിലാളികളെയും മാത്രമേ ഇത്തരം വാഹനങ്ങളിൽ കൊണ്ടുപോകാവൂ. ഇവർക്ക് പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കണം. മണൽ പോലുള്ള വസ്തുക്കൾ പുറത്തേക്ക് ചിതറാതെ മൂടിക്കെട്ടണം. ചരക്കുകൾ വാഹനത്തിന്റെ അതിരുകൾക്ക് പുറത്തേക്ക് തള്ളിനിൽക്കാൻ പാടില്ല.
- പ്രാദേശിക നിയന്ത്രണങ്ങൾ: 29-ാം വകുപ്പ് പ്രകാരം ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ഭാരവാഹനങ്ങൾക്കും ബസുകൾക്കും നിരോധനമുള്ള റോഡുകളും സമയക്രമവും നിശ്ചയിക്കാൻ ട്രാഫിക് അധികൃതർക്ക് അധികാരമുണ്ടായിരിക്കും.
ഡ്രൈവർമാരുടെ കാഴ്ചാശേഷി മാനദണ്ഡങ്ങൾ (ആർട്ടിക്കിൾ 62):
- ഹെവി വാഹനങ്ങൾ, ടാക്സികൾ: ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഒരു കണ്ണിൽ 6/6 ഉം മറ്റേ കണ്ണിൽ 6/9-നും 6/18-നും ഇടയിലോ, അല്ലെങ്കിൽ ഇരു കണ്ണുകളിലും കുറഞ്ഞത് 6/9 കാഴ്ചാശേഷിയോ ഉണ്ടായിരിക്കണം.
- ബസുകൾ, യന്ത്രസാമഗ്രികൾ: ലൈറ്റ്, ഹെവി ബസുകളും യന്ത്രസാമഗ്രികളും കൈകാര്യം ചെയ്യുന്നവർക്ക് ഇരു കണ്ണുകളിലും കുറഞ്ഞത് 6/6 കാഴ്ചാശേഷി നിർബന്ധമാണ്. ഇതിനായി കണ്ണടയോ ലെൻസോ ഉപയോഗിക്കാവുന്നതാണ്.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനായി യു.എ.ഇക്ക് പുറത്തുനിന്നുള്ള അംഗീകൃത കാഴ്ച പരിശോധനാ റിപ്പോർട്ടുകൾ സ്വീകരിക്കാനും പുതിയ ചട്ടങ്ങൾ ലൈസൻസിങ് അതോറിറ്റികൾക്ക് അനുമതി നൽകുന്നുണ്ട്.



