ന്യൂയോർക്ക്- യു.എസിലെ പ്രമുഖ ബാങ്കുകളിൽ വ്യാപകമായ സാങ്കേതിക തടസ്സം. ജെ.പി മോർഗൻ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായത്. ആയിരക്കണക്കിന് പരാതികളാണ് വിവിധ ഇടങ്ങളിൽ നിന്ന് ഉയർന്നുവന്നത്.
ജെ.പി മോർഗൻ ചേസുമായി ബന്ധപ്പെട്ട് മാത്രം 3,300-ലധികം പരാതികൾ ഔട്ടേജ്-ട്രാക്കിങ് വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ രേഖപ്പെടുത്തി. ബാങ്ക് ഓഫ് അമേരിക്ക, ക്യാപിറ്റൽ വൺ, യു.എസ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളും സേവന തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാങ്കിങ് ആപ്ലിക്കേഷനുകളിൽ ലോഗിൻ ചെയ്യാനും അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും ഇടപാടുകൾ പൂർത്തിയാക്കാനും കഴിയുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പ്രധാന പരാതി. ഡിജിറ്റൽ പെയ്മെന്റ് സേവനമായ ‘സെൽ’ (Zelle) വഴിയുള്ള പണമിടപാടുകളിലും തടസ്സമുണ്ടായി.
സാങ്കേതിക തടസ്സം അംഗീകരിച്ച ചേസ് ബാങ്ക് അധികൃതർ, ചില ഇടപാടുകൾ വൈകാൻ ഇത് കാരണമായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിലേക്കും ഫണ്ടിലേക്കും പ്രവേശിക്കാൻ സാധിക്കുന്നുണ്ടെന്നും സാധാരണ നിലയിലുള്ള സേവനങ്ങൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും വക്താവ് വ്യക്തമാക്കി. സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണം സൈബർ ആക്രമണമല്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾക്ക് തടസ്സം നേരിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ബാങ്കിങ് മേഖലയിലും സാങ്കേതിക തടസ്സമുണ്ടായിരിക്കുന്നത്. എങ്കിലും, മൈക്രോസോഫ്റ്റ് സംഭവവും നിലവിലെ ബാങ്കിങ് പ്രശ്നങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് വിലയിരുത്തൽ. മറ്റ് ധനകാര്യ സ്ഥാപനങ്ങളിലുണ്ടായ തടസ്സങ്ങളുടെ യഥാർത്ഥ കാരണം ഉടനടി വ്യക്തമായിട്ടില്ല.



