ഫുജൈറ – ഫുജൈറയിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 14 പേര് മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫുജൈറ പോലീസ് അറിയിച്ചു.
ഇന്നലെ അര്‍ധരാത്രിക്ക് തൊട്ടുമുമ്പ് നടന്ന ഈ അപകടത്തെ തുടര്‍ന്ന് വലിയ തീപിടുത്തവും ഉണ്ടായി. ആദ്യം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ട്രക്ക്, തുടര്‍ന്ന് മറിയുകയും, ഗതാഗതത്തിരക്ക് കാരണം വേഗത കുറഞ്ഞ് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന് തീപിടിക്കുകയും, തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തു. ഇത് നിരവധി ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായി. ആകെ 23 വാഹനങ്ങള്‍ അപകടത്തില്‍ ഉള്‍പ്പെട്ടു.
ഫുജൈറയുടെ പ്രവേശന കവാടത്തിന് സമീപമാണ് അപകടം നടന്നതെന്ന് ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. അപകടത്തെ കുറിച്ച് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്, പ്രത്യേക പോലീസ് സംഘങ്ങളും ആംബുലന്‍സ്, രക്ഷാപ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തകര്‍ തീ അണക്കാനും, പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്കി ആശുപത്രികളിലേക്ക് മാറ്റാനും നടപടികള്‍ സ്വീകരിച്ചു. അപകടസ്ഥലം സുരക്ഷിതമാക്കുകയും മറ്റ് വാഹനയാത്രക്കാരുടെ സുരക്ഷക്കായി ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെയും മെഡിക്കല്‍ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഫുജൈറ പോലീസ് അഭിനന്ദിച്ചു.
അപകടത്തില്‍ പരിക്കേറ്റ 30 പേരില്‍ 15 പേര് ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള 15 പേര് അവരുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് തുടര്‍ചികിത്സയില്‍ കഴിയുകയാണ്. മരിച്ചവരില്‍ യു.എ.ഇ പൗരന്മാരും ഉള്‍പ്പെടുന്നു. ഡി.എന്‍.എ പരിശോധനയിലൂടെ മറ്റ് ഇരകളെ തിരിച്ചറിയാനുള്ള നടപടികള്‍ അധികൃതര്‍ തുടരുകയാണ്. യു.എ.ഇ, ഒമാന്‍, ഇന്ത്യ, ബ്രസീല്‍, പാകിസ്ഥാന്, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു.
ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള സ്ഥിരീകരിച്ച വിവരങ്ങളെ മാത്രം ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഫുജൈറ പോലീസ്, കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോടും സോഷ്യല്‍ മീഡിയ ഉപയോക്താക്കളോടും അഭ്യര്‍ഥിച്ചു



