ഷാർജ- തൃശ്ശൂർ ജില്ലയിലെ മതിലകം സ്വദേശി സക്കീർ ഹുസൈന്റെ “ചരമകോളം വായിക്കുന്ന പെൺകുട്ടി ” എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രദ്ധേയമായി. പുസ്തകം ഷാർജ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി മോഹൻ കുമാറും, പ്രമുഖ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനവും ചേർന്ന് പുറത്തിറക്കി. സൗദിയിൽ പ്രവാസിയായിരുന്ന സക്കീർ നാട്ടിൽ വിദ്യാഭ്യാസ, കൗൺസലിങ് മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു. പത്തു വർഷം മുൻപ് ഒരു വീഴ്ച്ചയെ തുടർന്ന് പൂർണമായും വീൽ ചെയറിലാണ്. അതിൽ ഇരുന്നാണ് ബുക്ക് ഫെയറിൽ എത്തി തന്റെ പുസ്തക പ്രകാശന ചടങ്ങിൽ എത്തിയത്.
ഭിന്നശേഷി മനുഷ്യരുടെ ജീവിത പുരോഗതിക്കും അവകാശങ്ങൾക്കും വേണ്ടി സജീവമായി രംഗത്തുണ്ട്. ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ്, മൈൻഡ് ട്രസ്റ്റ് ചെയർമാൻ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. രണ്ടു വർഷം മുൻപ് തന്റെ വീൽചെയറിൽ റോഡ് മാർഗ്ഗം ഇന്ത്യമുഴുവൻ സഞ്ചരിച്ചിരുന്നു. യാത്രയും വായനയും ഇഷ്ടപ്പെടുന്ന സക്കീർ മാഷിന്റെ ആദ്യ കഥ സമാഹരമാണ് പ്രിന്റ് ഹൗസ് പ്രസിദ്ധീകരിച്ച “ചരമകോളം വായിക്കുന്ന പെൺകുട്ടി “. മുപ്പത്തോളം കുഞ്ഞു കഥകളുടെ പുസ്തകമാണിത്.



