ബെയ്റൂത്ത്– നാല് ദിവസമായി കാണാതായ മുൻ ഇറാഖ് പാർലമെന്റംഗം അഹ്മദ് അൽഅൽവാനിയെ (62) ബെയ്റൂത്തിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ തിരിച്ചറിഞ്ഞതായും ഇതിലൊരാളെ അറസ്റ്റ് ചെയ്തതായും ലെബനീസ് അധികൃതർ അറിയിച്ചു. ബെയ്റൂത്തിലെ തരീക് അൽജദീദ മേഖലയിലുള്ള അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബത്തിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് മൃതദേഹം അൽഅൽവാനിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപ്പാർട്ട്മെന്റിലെ കർട്ടന്റെ കയർ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം കണ്ടെത്തുന്നതിന് കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഫോറൻസിക് റിപ്പോർട്ട്.
സംശയമുള്ള രണ്ടുപേർ സിറിയൻ പൗരന്മാരും ഒരാൾ ലെബനീസ് പൗരനുമാണ്. കസ്റ്റഡിയിലുള്ള ലെബനീസ് പൗരനെ ചോദ്യം ചെയ്തുവരികയാണ്. സിറിയൻ പൗരന്മാർ ലെബനോനിൽ നിന്ന് കടന്നുകളഞ്ഞിരിക്കാമെന്നാണ് സുരക്ഷാസേനയുടെ നിഗമനം.
കഴിഞ്ഞ ആഴ്ച ബെയ്റൂത്തിൽ എത്തിയ അൽഅൽവാനിയെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നതും ഹോട്ടലിൽ എത്തിച്ചതും ഈ മൂന്നുപേരാണെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കി. അൽഅൽവാനി രണ്ടുപേർക്കൊപ്പം സ്വമേധയാ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ മൂവരും ചേർന്നാണ് അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലെബനോനിലെ ചീഫ് പ്രോസിക്യൂട്ടർ ജഡ്ജി അഹ്മദ് റാമി അൽഹാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സസിന്റെ ഇൻഫർമേഷൻ ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി ലെബനീസ് സുരക്ഷാ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്ന് ലെബനോനിലെ ഇറാഖ് അംബാസഡർ മുഹമ്മദ് രിദ അൽഹുസൈനി പറഞ്ഞു.
സാഹ്ലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു. വ്യക്തിത്വം പൂർണ്ണമായും ഉറപ്പാക്കാൻ ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.
ആരാണ് അഹ്മദ് അൽഅൽവാനി? പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിൽ നിന്നുള്ള മുൻ എം.പിയും പ്രമുഖ സുന്നി ഗോത്രവിഭാഗമായ ‘അൽബു അൽവാന്’ ഒപ്പമുള്ള നേതാവുമാണ് അൽഅൽവാനി. മുൻ ഇറാഖ് പ്രധാനമന്ത്രി നൂറി അൽമാലിക്കിയുടെ സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു.
രണ്ട് ഇറാഖി സൈനികരെ കൊലപ്പെടുത്തിയെന്ന കേസിൽ 2014ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹം ഏകദേശം 12 വർഷത്തോളം ജയിൽവാസമനുഭവിച്ച ശേഷം കഴിഞ്ഞ വർഷമാണ് മോചിതനായത്. കൊലപാതകത്തിന് പിന്നിൽ ഹിസ്ബുല്ലയുടെ പങ്കും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.



