റിയാദ്- ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൂത്തി ഭീകരവാദികളുടെ മൂന്ന് കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈല്‍ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഉല്‍പ്പാദിപ്പിക്കാനുമുള്ള ഫാക്ടറിയും ബാലിസ്റ്റിക് മിസൈല്‍ ഇന്ധനം (ഖര ഇന്ധനം) ഉല്‍പ്പാദിപ്പിക്കുന്ന കെമിക്കല്‍ പ്ലാന്റും ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ആവശ്യമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ അസംബ്ലി ചെയ്യുന്ന ഇലക്ട്രോണിക്സ് വര്‍ക്ക്ഷോപ്പുമാണ് ആക്രമിച്ച് തകര്‍ത്തത്.
ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല്‍ ശൃംഖല ദുര്‍ബലപ്പെടുത്തുന്നതും തകര്‍ക്കുന്നതും സഖ്യസേന തുടരുകയാണെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ തെക്കന്‍ സൗദിയില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തി ഭീകരരുടെ ശ്രമം വിഫലമാക്കിയതായും സഖ്യസേന അറിയിച്ചു. ദക്ഷിണ സൗദിയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിക്കുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് അറിയിച്ചു.



