അബുദാബി – തീരദേശത്ത് എണ്ണ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്, ഖോര്‍ഫക്കാനിലെ അല്ലുലുയ്യ ബീച്ച് താല്‍ക്കാലികമായി അടച്ചു. ബീച്ചിലെത്തുന്നവര്‍, പ്രദേശവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് ഖോര്‍ ഫക്കാന് സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. പരിസ്ഥിതിക്ക് ഭീഷണിയായ ഈ സാഹചര്യം പരിഹരിക്കാനായി മുനിസിപ്പല്‍ അധികൃതര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എണ്ണ നീക്കം ചെയ്യാനും, ബാധിക്കപ്പെട്ട തീരപ്രദേശം പൊതുജനങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.
പൊതുജനങ്ങള്‍ക്ക് നല്കിയ അറിയിപ്പില്‍, സഹകരണത്തിന് താമസക്കാരോടും സന്ദര്‍ശകരോടും നഗരസഭ നന്ദി രേഖപ്പെടുത്തി. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ബീച്ചിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി, പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ബീച്ച് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.



