ദുബായ്– കുടുംബ ഒത്തുചേരലിനിടെ അഞ്ച് വയസ്സുകാരിയായ ബന്ധുവിന്റെ വീഡിയോ അനുവാദമില്ലാതെ സ്നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്ത പ്രവാസി വനിതക്ക് ഒരു മാസത്തെ തടവും തുടര്‍ന്ന് നാടുകടത്തലും ശിക്ഷ. നിഷ്കളങ്കമായ കുടുംബ തമാശയായി ഉദ്ദേശിച്ച ദൃശ്യങ്ങള്‍ പിന്നീട് വലിയ ക്രിമിനല്‍ കേസായി മാറുകയായിരുന്നു.
ഭക്ഷണത്തിന്റെ പേര് തെറ്റായി ഉച്ചരിക്കുന്ന കുട്ടിയെ കണ്ട് ചുറ്റുമുള്ളവര്‍ ചിരിക്കുന്ന ദൃശ്യമാണ് ബന്ധുക്കളിലൊരാള്‍ പകര്‍ന്ന് സ്നാപ്ചാറ്റില്‍ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ കുട്ടിയുടെ സ്വകാര്യതയും മാനസിക ക്ഷേമവും ചൂണ്ടിക്കാട്ടി പിതാവ് അധികൃതര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് പ്രോസിക്യൂഷന് സ്ത്രീക്കെതിരെ കേസെടുക്കുകയായിരുന്നു.
കുട്ടിയെ മനഃപൂര്‍വം പരിഹസിച്ചിട്ടില്ലെന്നും വീഡിയോ തന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പ്രചരിച്ചുപോയെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ദോഷകരമല്ലാത്ത ഉദ്ദേശ്യമാണെങ്കിൽ പോലും അനുമതിയില്ലാതെ കുട്ടികളുടെ ചിത്രം പങ്കുവെക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
കുടുംബ ഒത്തുചേരലിലെ ചെറിയ ദൃശ്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. കുട്ടികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്ന നിയമങ്ങളുടെ ലംഘനമാണിതെന്നും മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളുടെ ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കുന്നത് കടുത്ത നിയമനടപടികള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.



