തെഹ്റാൻ– യു.എസ് ഭരണകൂടങ്ങളെ ഇസ്രായേൽ നീണ്ടുനിൽക്കുന്ന യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ആരോപിച്ചു. യു.എസ് വിദേശനയത്തിൽ ഇസ്രായേലിന്റെ സ്വാധീനത്തെ അമേരിക്കൻ ജനത ശക്തിയായി എതിർക്കുന്നുണ്ട്. ഇസ്രായേലിനോടുള്ള പൊതുജനങ്ങളുടെ നിരാശ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചറിയുന്നുണ്ടെങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമാണെന്ന് അറാഖ്ജി എക്സിൽ കുറിച്ചു.
അതേസമയം, അമേരിക്കയ്ക്ക് സമർപ്പിച്ച ദ്വിദിന പദ്ധതി നിർദ്ദേശമാണ് വിഷയത്തിൽ ഏറ്റവും യുക്തിസഹമായ നിലപാടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. മധ്യസ്ഥ രാജ്യങ്ങളായ പാകിസ്ഥാൻ, ഖത്തർ എന്നിവരുമായി ചർച്ചകൾ തുടരുകയാണ്. ഇറാൻ ജനതയുടെ ദേശീയ താൽപ്പര്യങ്ങളും നിയമപരമായ അവകാശങ്ങളും പൂർണ്ണമായി ഉറപ്പുനൽകുന്ന കരാറുകളിൽ മാത്രമേ രാജ്യം ഒപ്പുവെക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മുൻ ഭരണകൂടങ്ങൾക്ക് പരിഹരിക്കാൻ കഴിയാതിരുന്ന വെല്ലുവിളികൾ ഏറ്റെടുത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ന്യായീകരിച്ചു. ജനപ്രീതി നോക്കാതെ ശരിയായ തീരുമാനമെടുക്കുകയാണ് പ്രസിഡന്റ് ചെയ്തതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കൻ ആക്രമണങ്ങളിൽ ഇറാനിലെ 23 ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇതിൽ 15 മരുന്ന് നിർമ്മാണ കമ്പനികളും 8 വിതരണ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് 37 തരം അവശ്യ മരുന്നുകളുടെ വിതരണത്തിൽ തടസ്സം നേരിട്ടതായി വക്താവ് തസ്നീം വാർത്താ ഏജൻസിയോട് പറഞ്ഞു.



