റിയാദ്- വാലപ്പന് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ എ ഐ സിനിമ ‘വാഗ്ദത്തഭൂമി’ അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി നിര്‍മാതാവും പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാജു വാലപ്പന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ സംവിധായകന് സിദ്ധിക്ക് പറവൂര്‍ ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, ആനിമേഷന്‍, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. കാനഡയിലേക്ക് കുടിയേറിയ മകന്റെയും കര്‍ഷകനായ പിതാവിന്റെയും വൈകാരികമായ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമയുടെ ദൃശ്യാവിഷ്കാരത്തില് പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം മനുഷ്യബന്ധങ്ങളുടെ വൈകാരികതയും ജീവിതയാഥാര്‍ഥ്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

പരമ്പരാഗത സിനിമാ നിര്‍മ്മാണരീതികളില്‍ നിന്ന് വ്യത്യസ്തമായി എ ഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരുക്കിയ ചിത്രം മലയാള സിനിമയ്ക്ക് പുതിയൊരു പരീക്ഷണാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. കുടുംബബന്ധങ്ങള്‍, പ്രവാസം, കൃഷി, ജന്മനാടിനോടുള്ള സ്നേഹം തുടങ്ങിയ വിഷയങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം സാങ്കേതിക പരീക്ഷണം എന്നതിനപ്പുറം മനുഷ്യജീവിതത്തിന്റെ വൈകാരികതകള്‍ അവതരിപ്പിക്കുന്ന സിനിമാനുഭവമാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കേരളത്തിന്റെ അഭിമാനമായ ഐ.എഫ്.എഫ്.കെ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കും ‘വാഗ്ദത്തഭൂമി’ സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമാരംഗത്ത് സജീവമായ ഷാജു വാലപ്പന് ഇതിനകം നാല് സിനിമകള്‍ നിര്‍മ്മിക്കുകയും ഒരു ചിത്രം സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ സ്വാലിഹ്, നിഴല്‍ വ്യാപാരികള്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് അദ്ദേഹം ‘വാഗ്ദത്തഭൂമി’ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രവാസി വ്യവസായി സിനിമാരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഇത്തരം വലിയ അംഗീകാരങ്ങള്‍ നേടുന്നത് ആദ്യമായാണ്. മലയാളത്തിലെ ആദ്യ എ ഐ സിനിമ എന്ന നിലയില്‍ ‘വാഗ്ദത്തഭൂമി’യെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.
റിയാദില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് ഷാജു വാലപ്പനൊപ്പം സിനിമയില്‍ മോഡലായി അഭിനയിച്ച സുരേഷ് ശങ്കര്‍ തൃശൂര്‍, നോയല്‍ ഷാജു വാലപ്പന്, വാലപ്പന് ക്രിയേഷന്‍സ് സി.ഇ.ഒ. ലിന്‍സി ഷാജു വാലപ്പന്, ഫിനാന്‍സ് കണ്ട്രോളര് ഡോ. നോവ ഷാജു വാലപ്പന്, അസോസിയേറ്റ് ഡയറക്ടര്‍ ഇഹ്ലാസ് റഹ്മാന് എന്നിവരും സംബന്ധിച്ചു.



