കയ്റോ– ഈജിപ്തിലെ ഗിസ ഗവർണറേറ്റിലുണ്ടായ കടുത്ത ട്രെയിൻ അപകടത്തിൽ നാല് പേർ മരിക്കുകയും 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗിസയിലെ അൽഅയാത്ത് മേഖലയിലുള്ള ഗെർസ ഗ്രാമത്തിന് സമീപമാണ് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് 50 ആംബുലൻസുകൾ, സിവിൽ ഡിഫൻസ് സംഘങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വൻ അടിയന്തര രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തി.

പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി സമീപത്തുള്ള ബനീ സുയഫ് ഗവർണറേറ്റിലെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിന് കാരണക്കാരായവരെ കണ്ടെത്തി കർശന നടപടിയെടുക്കാൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി അറിയിച്ചു.
അപകടത്തിൽപ്പെട്ടവരുടെ പൂർണ്ണമായ വിവരങ്ങൾ തിട്ടപ്പെടുത്താനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.



