മനാമ– ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചരിത്രപരമായ ഗൾഫ് റെയിൽവേ പദ്ധതിയുടെ പൊതു കരാറിൽ ജി.സി.സി രാജ്യങ്ങളിലെ ഗതാഗത, വാർത്താവിനിമയ മന്ത്രിമാർ ഒപ്പുവെച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ മനാമയിലാണ് ചടങ്ങുകൾ നടന്നത്.
2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖല 2030 ഡിസംബറോടെ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകും. കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ ആറ് അംഗരാജ്യങ്ങളെയും പദ്ധതി വഴി ബന്ധിപ്പിക്കും.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം, നിക്ഷേപം, യാത്ര എന്നിവയ്ക്ക് പുതിയ വാതിലുകൾ തുറക്കുന്ന തന്ത്രപ്രധാനമായ നിർണ്ണായക ചുവടുവെപ്പാണിതെന്ന് ബഹ്റൈൻ ഗതാഗത മന്ത്രി അബ്ദുള്ള ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു.
പദ്ധതിയുടെ നിർമ്മാണ പുരോഗതി നിലവിൽ 55.9 ശതമാനത്തിൽ എത്തിയതായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി വ്യക്തമാക്കി. പൂർണ്ണ ശൃംഖല സജ്ജമാകുന്നതിന് മുൻപ് തന്നെ അയൽരാജ്യങ്ങൾ തമ്മിലുള്ള കണക്ഷനുകൾ പ്രവർത്തിപ്പിക്കാനും ധാരണയുണ്ട്.
വേഗത, ശേഷി, നിക്ഷേപം
- ചെലവ്: അടിസ്ഥാന സൗകര്യങ്ങൾക്കായി ഏകദേശം 16 ബില്യൺ ഡോളർ (1,600 കോടി ഡോളർ).
- വേഗത: പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കി.മീ വരെയും ചരക്ക് ട്രെയിനുകൾക്ക് 80 മുതൽ 120 കി.മീ വരെയും വേഗത.
- യാത്രാ-ചരക്ക് ശേഷി: 2030-ഓടെ 60 ലക്ഷം യാത്രക്കാരെയും 20 കോടി ടൺ ചരക്കും കൈകാര്യം ചെയ്യും. 2045-ൽ ഇത് യഥാക്രമം 80 ലക്ഷത്തിലധികമായും 27.1 കോടി ടണ്ണായും ഉയരും.
ജി.സി.സി രാജ്യങ്ങളിലെ പ്രധാന സാമ്പത്തിക-വ്യവസായ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. ഇത് മേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങളും പുതിയ നിക്ഷേപ സാധ്യതകളും സൃഷ്ടിക്കും.
2009 ഡിസംബറിലാണ് ജി.സി.സി സുപ്രീം കൗൺസിൽ പദ്ധതിക്ക് അംഗീകാരം നൽകിയത്. തുടർന്ന് പദ്ധതി ഏകോപനത്തിനായി 2021 ഡിസംബറിൽ ‘ഗൾഫ് റെയിൽവേ അതോറിറ്റി’യും രൂപീകരിച്ചു.



