മദീന- മദീന ഉൾപ്പെടെയുള്ള സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.
നവംബർ 10 ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മദീന പ്രവിശ്യയിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില സമയങ്ങളിൽ ‘റെഡ് അലർട്ട്’ ഉൾപ്പെടെയുള്ള ശക്തമായ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കനത്ത മഴയോടൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴ വർഷം, കാഴ്ചപരിധി പൂർണ്ണമായി കുറയുന്ന സാഹചര്യം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ താഴ്വരകളിൽ നിന്നും വെള്ളക്കെട്ടുകളുള്ള സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അവശ്യഘട്ടങ്ങളിൽ സഹായത്തിനായി മദീനയിൽ റെഡ് ക്രെസന്റ് വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.



