തെഹ്റാൻ– അമേരിക്കയുടെ സൈനിക ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രധാന ആണവ കേന്ദ്രങ്ങളുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യാൻ തുടങ്ങിയതായി റിപ്പോർട്ട്. ഭൂഗർഭ ആണവ സമുച്ചയം സ്ഥിതി ചെയ്യുന്ന പിക്കാക്സ് പർവത മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ബങ്കർ ബസ്റ്റിംഗ് ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രതിരോധ നടപടിയെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദി ടൈംസ് ഓഫ് ലണ്ടൻ’ റിപ്പോർട്ട് ചെയ്തു.
ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകാൻ സാധ്യതയുള്ള സൈനിക ആക്രമണങ്ങളോ അപകടങ്ങളോ മൂലമുണ്ടാകുന്ന റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നത്.
അതേസമയം, ഇറാൻ രാസായുധ പ്രയോഗത്തിന് പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശ നയ സമിതി ചെയർമാൻ ഇബ്രാഹിം അസീസി തള്ളി. റിയ നോവോസ്റ്റി വാർത്താ ഏജൻസിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേൽ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു.
അതിനിടെ, ഇറാന്റെ ഖെഷം ദ്വീപിൽ മിസൈൽ ആക്രമണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദ്വീപിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായും യുദ്ധവിമാനങ്ങൾ പറന്നതായും പറയപ്പെടുന്നു. എന്നാൽ ദ്വീപിലെ സാഹചര്യം നിലവിൽ ശാന്തമാണെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പൗരന്മാർ വീടുകളിൽ തന്നെ കഴിയണമെന്നും റെവല്യൂഷണറി ഗാർഡ് ക്യാമ്പുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും യു.എസ് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



