മസ്കത്ത് – അറേബ്യന്‍ ഉള്‍ക്കടലില്‍ എണ്ണ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന കപ്പലിനു നേരെ നടന്ന മിസൈല്‍ ആക്രമണത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു ജീവനക്കാരന് കൊല്ലപ്പെട്ടതായി കപ്പല്‍ മാനേജ്മെന്റ് അറിയിച്ചു.
ബഹ്റൈനിലേക്ക് ചരക്കുകളൊന്നുമില്ലാതെ സഞ്ചരിക്കുകയായിരുന്ന എം.ടി. വെലോസ് എന്ന കപ്പലിനു നേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായതെന്ന്, ഗ്രീക്ക് മാനേജ്മെന്റ് കമ്പനിയായ വെലോസ് ടാങ്കേഴ്സ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്ഫോടനത്തെ തുടര്‍ന്ന് കാണാതായ ജീവനക്കാരിലൊരാളെ കപ്പലില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും, പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഖത്തറിലെ മദീനത്ത് അശ്ശമാലിന് വടക്ക് 50 നോട്ടിക്കല്‍ മൈല്‍ (92.6 കിലോമീറ്റര്‍) അകലെ വെച്ചാണ് കപ്പലില്‍ അജ്ഞാതമായ രണ്ട് പ്രൊജക്ടൈലുകള്‍ ഇടിച്ചതെന്ന് കരുതപ്പെടുന്നു.
ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്നതിനിടെ ഒമാന്‍ തീരത്തിനടുത്ത് ഒരു എണ്ണക്കപ്പലില്‍ സ്ഫോടനം നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. അനുവദനീയമല്ലാത്ത പാതകളിലൂടെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകള്‍ക്ക് മൈനുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചതായി ഇറാന് റെവല്യൂഷണറി ഗാര്‍ഡ് നേരത്തെ അവകാശപ്പെട്ടിരുന്നു.
അതേസമയം, ഖെഷം ദ്വീപിന് മുകളിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിലെ ദ്വീപിന് മുകളിലൂടെ പറന്ന അമേരിക്കന്‍ നിര്‍മ്മിത എം.ക്യു-1 ഡ്രോണ്‍, ഇറാന് വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കുകയായിരുന്നെന്ന് റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.



