റിയാദ്- സിറിയയും സൗദി അറേബ്യയും തമ്മിൽ പ്രതിരോധ സഹകരണ കരാറിലും 403 മില്യൺ ഡോളറിലധികം മൂല്യമുള്ള വികസന വായ്പകളിലും ഒപ്പുവെച്ചു. റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ വെച്ച് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന കരാറുകളിൽ ഒപ്പിട്ടത്.
പ്രതിരോധ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും സൗദി, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘മക്ക സഖ്യം’ എന്ന പ്രതിരോധ കൂട്ടായ്മയിലേക്ക് സിറിയ കടക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സിറിയയിലെ ആഭ്യന്തര യുദ്ധാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 403 മില്യൺ ഡോളറിലധികം വരുന്ന 6 വികസന വായ്പ കരാറുകളിലാണ് സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റും സിറിയൻ ധനകാര്യ മന്ത്രാലയവും ഒപ്പുവെച്ചത്.
തകർന്ന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ പുനർനിർമ്മാണത്തിനും ഉപകരണങ്ങൾക്കുമായി 100 മില്യൺ ഡോളർ, സിവിൽ ഡിഫൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ 105 മില്യൺ ഡോളർ, അലപ്പോ തെർമൽ പവർ പ്ലാന്റ് പുനരുദ്ധരിക്കാൻ 90 മില്യൺ ഡോളർ. തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി 60 മില്യൺ ഡോളർ, ഡമാസ്കസ്, ഇദ്ലിബ് എന്നിവിടങ്ങളിലെ കുടിവെള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നതിനുമായി 30 മില്യൺ ഡോളർ എന്നിവ സൗദി നൽകും.
റിയാദിൽ നടക്കാനിരിക്കുന്ന എക്സ്പോ 2030ൽ സിറിയയുടെ ഔദ്യോഗിക പങ്കാളിത്തത്തിനായുള്ള 10.6 മില്യൺ ഡോളറിന്റെ പ്രത്യേക കരാറും ഒപ്പുവെച്ചു. ഇതിലൂടെ സിറിയയ്ക്ക് എക്സ്പോയിൽ സൗജന്യമായി പ്രദർശന ഇടം ലഭിക്കും.



