കുവൈത്ത് സിറ്റി – തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അതിന് വിസമ്മതിക്കുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയെ കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതക കേസില്‍, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. സുഹൃത്ത് തന്റെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും, അവ നീക്കം ചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരിക്കുകയും ചെയ്തതോടെ പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
പ്രതി കത്തി കൈയ്യില്‍ കരുതി, സുഹൃത്ത് ജോലിസ്ഥലത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം പുറത്ത് കാത്തിരിക്കുകയായിരുന്നു. സുഹൃത്ത് പുറത്തേക്ക് വന്നപ്പോള്‍ ആക്രമിക്കുകയും, തലയിലും ശരീരത്തിലും പലതവണ കുത്തുകയും ചെയ്തു. ഈ പരിക്കുകള്‍ മരണകാരണമായി. കോടതി നടപടികള്‍ക്കിടെ പ്രതി കുറ്റം സമ്മതിച്ചു.
തര്‍ക്കം ആരംഭിക്കുന്നതിന് മുമ്പ് താനും കൊല്ലപ്പെട്ടയാളും സുഹൃത്തുക്കളായിരുന്നുവെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.മുമ്പ് വീട്ടില്‍ വന്നപ്പോള്‍ സുഹൃത്ത് തന്റെ ഭാര്യയുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കുകയും പിന്നീട് അവ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതായി പ്രതി കോടതിയെ അറിയിച്ചു. തന്റെ ഭാര്യയെ കുറിച്ച് മോശമായ കമന്റുകള്‍ വന്നതോടെ, ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നെന്ന് പ്രതി പറഞ്ഞു. എന്നാല്‍, സുഹൃത്ത് വിസമ്മതിക്കുക മാത്രമല്ല, കൂടുതല്‍ ചിത്രങ്ങള്‍ കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് പ്രതിയും ഭാര്യയും തമ്മിലുള്ള ബന്ധത്തില്‍ വലിയ സംഘര്‍ഷത്തിന് കാരണമായി. ഈ തര്‍ക്കമാണ് തന്നെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും, അതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പ്രതി കോടതിയില്‍ സമ്മതിച്ചു.
മനഃപൂര്‍വ്വവും മുന്‍കൂട്ടി ആസൂത്രണം ചെയ്തതുമായ കൊലപാതകമാണ് നടന്നതെന്ന് കണ്ടെത്തിയ കോടതി, പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.



