ജിദ്ദ– ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തിനിടെ സൗദി അറാംകോയുടെ അറ്റാദായത്തിൽ 36.1 ശതമാനത്തിന്റെ കൂറ്റൻ വർധനവ്. കഴിഞ്ഞ വർഷം (2025) ഇതേ കാലയളവിലെ 278.57 ബില്യൺ റിയാലിൽ നിന്ന് ഇത്തവണ കമ്പനിയുടെ അറ്റാദായം 379.02 ബില്യൺ സൗദി റിയാലായാണ് ഉയർന്നത്. ഒമ്പത് മാസത്തെ മൊത്തം വരുമാനം 15.2 ശതമാനം വർധിച്ച് 1,348 ബില്യൺ സൗദി റിയാലിലെത്തി. കഴിഞ്ഞ വർഷമിത് 1,170 ബില്യൺ റിയാലായിരുന്നു.
ഈ വർഷത്തെ മൂന്നാം പാദത്തിൽ (ജൂലൈ – സെപ്റ്റംബർ) കമ്പനിയുടെ അറ്റാദായം 41.2 ശതമാനം വർധിച്ച് 137.39 ബില്യൺ സൗദി റിയാലിലെത്തി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഇത് 97.26 ബില്യൺ റിയാലായിരുന്നു. മൂന്നാം പാദത്തിലെ വരുമാനം 20.2 ശതമാനം വർധിച്ച് 464.33 ബില്യൺ റിയാലായും ഉയർന്നു. സംസ്കരിച്ച ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, അസംസ്കൃത എണ്ണ എന്നിവയുടെ വിലയിലുണ്ടായ വർധനവാണ് വരുമാന വളർച്ചയ്ക്ക് പ്രധാന കാരണമായത്.
തൊട്ടുമുമ്പത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ അറ്റാദായത്തിൽ 13.1 ശതമാനത്തിന്റെയും വരുമാനത്തിൽ 3 ശതമാനത്തിന്റെയും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പാദത്തിൽ അറ്റാദായം 121.51 ബില്യൺ റിയാലും വരുമാനം 450.77 ബില്യൺ റിയാലുമായിരുന്നു.
ലാഭവർധനയുടെ പശ്ചാത്തലത്തിൽ, 2026ലെ മൂന്നാം പാദത്തിലെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ആകെ 82.07 ബില്യൺ സൗദി റിയാൽ വിതരണം ചെയ്യാൻ സൗദി അറാംകോ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.



