റിയാദ്- മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് സൗദി അറേബ്യയിൽ നടക്കാനിരുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഔദ്യോഗികമായി മാറ്റിവെച്ചു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.
2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് 2027 ഡിസംബർ 23 മുതൽ 2028 ജനുവരി 21 വരെയുള്ള തീയതികളിലേക്കാണ് മാറ്റിയത്. പുതിയ തീയതികൾക്ക് ഫിഫയുടെ അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
യമനിലെ ഹൂത്തി വിമതർ സൗദിയിലെ എയർപോർട്ടുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് യാത്രാ തടസ്സങ്ങളും വലിയ രീതിയിലുള്ള ലോജിസ്റ്റിക്സ് ബുദ്ധിമുട്ടുകളും ഉണ്ടായ സാഹചര്യത്തിലാണ് എ.എഫ്.സി ടൂർണമെന്റ് നീട്ടിവെക്കാൻ തീരുമാനിച്ചത്. ടൂർണമെന്റ് ഏകദേശം ഒരു വർഷത്തോളം നീട്ടിയെങ്കിലും ആതിഥേയ രാജ്യം സൗദി അറേബ്യ തന്നെയായിരിക്കും.
24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 51 മത്സരങ്ങളാണ് ഉള്ളത്. ഫൈനൽ അടക്കം റിയാദിൽ മാത്രം 30 മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്.
അതേമസമയം നേരത്തെ നിശ്ചയിച്ചിരുന്ന അതേ മത്സര ക്രമങ്ങളും ഗ്രൂപ്പുകളും തന്നെയാണ് ടൂർണമെന്റിൽ തുടരുക. ഫിഫയുടെ അന്തിമ കലണ്ടർ അനുമതി ലഭിക്കുന്ന മുറയ്ക്ക് മത്സരങ്ങളുടെ കൃത്യമായ സമയവിവരങ്ങൾ അറിയാനാകും.



