റിയാദ്: സൗദിയിലെ നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൂട്ടത്തോടെ ഹുറൂബാവുകയും അവരുടെ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്തതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തൊഴില്‍ കരാര്‍ റദ്ദാക്കിയതായി ഗോസിയില്‍ നിന്നും ഹുറൂബ് ആയതായി ഖിവയില്‍ നിന്നും തൊഴിലാളികള്‍ക്ക് സന്ദേശമെത്തുകയായിരുന്നുവെന്ന് തൊഴിലുടമകള്‍ പറഞ്ഞു. ഇതുസംബന്ധിച്ച പരാതി തൊഴിലുടമകള്‍ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ തൊഴിലാളികളോ തൊഴിലുടമയോ അപേക്ഷ നല്‍കാതെയാണ് പെട്ടെന്ന് ഇത്തരം സന്ദേശങ്ങളെത്തിയത്. നിയമപരമായി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഈ സന്ദേശമെത്തിയത്. മൂന്ന് സന്ദേശങ്ങളാണ് ഒരേ സമയമെത്തിയത്. ഗോസിയില്‍ നിന്നുതൊഴില് കരാര്‍ കാന്‍സല്‍ ചെയ്തതായുള്ള സന്ദേശം. മറ്റു ചിലര്‍ക്ക് ഹുറൂബ് ആയതായുള്ള സന്ദേശം. മറ്റു ചിലരുടെ തൊഴില്‍ കരാറുകള്‍ ഖിവയില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് തൊഴിലുടമകള്‍ തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാകാനാണ് സാധ്യത. തന്റെ സ്ഥാപനത്തിലെ നാലു പേര്‍ക്ക് ഇത്തരം സന്ദേശം ലഭിച്ചതായും പ്രശ്നം പരിഹരിക്കാന്‍ ഖിവ അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും ബന്ദര്‍ ഇബ്രാഹീം എന്ന തൊഴിലുടമ പറഞ്ഞു. സാങ്കേതിക തകറാര് പരിഹരിച്ചുവരികയാണെന്ന് ഖിവ അധികൃതര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.



