കൊച്ചി- പ്രശസ്ത ഗായിക റിമി ടോമി വിവാഹിതയാകുന്നു. ബോഡി ബിൽഡറായ ലിബിൻ മാത്യുവാണ് വരൻ. വരുന്ന നവംബറിലാണ് വിവാഹം. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സന്തോഷവാർത്ത റിമി ആരാധകരെ അറിയിച്ചത്.
ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്ന സമയത്താണ് ലിബിനെ കണ്ടുമുട്ടിയതെന്ന് റിമി പറഞ്ഞു. “ചില കണക്ഷനുകൾ സംസാരിക്കുമ്പോൾ തന്നെ മനസ്സിനെ വല്ലാതെ സ്വാധീനിക്കും. ദൈവീകമായ ഒരു സാന്നിധ്യം അതിലുണ്ട്. പരസ്പരം നല്ലൊരു പങ്കാളിയെ ആഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്ന സമയത്താണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. കഴിഞ്ഞ ഒൻപത് മാസമായി ആ ബന്ധം നൽകുന്ന പോസിറ്റിവിറ്റിയും സമാധാനവും ചെറുതല്ല,” റിമി വിഡിയോയിൽ വ്യക്തമാക്കി.
ലിബിന്റെ സാന്നിധ്യം തനിക്ക് വലിയ ധൈര്യവും ആശ്വാസവും നൽകുന്നുണ്ടെന്നും, ഒരച്ഛന്റെയും ചേട്ടന്റെയും ഭർത്താവിന്റെയും അതോടൊപ്പം നല്ലൊരു സുഹൃത്തിന്റെയും സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നതെന്നും റിമി കൂട്ടിച്ചേർത്തു.
മികച്ചൊരു ഫിറ്റ്നസ് ട്രെയിനർ കൂടിയാണ് ലിബിൻ. മുൻപ് വർക്കൗട്ടിനിടെ പരിക്കേറ്റ് തളർന്നുപോയ സമയത്ത് ശാരീരികമായും മാനസികമായും ശക്തയായി തിരിച്ചുവരാൻ സഹായിച്ചത് ലിബിന്റെ പിന്തുണയാണെന്നും ഗായിക പറഞ്ഞു. 2008-ലായിരുന്നു റിമിയുടെ ആദ്യ വിവാഹം. 11 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2019-ൽ ഇരുവരും വേർപിരിയുകയായിരുന്നു.



