ദമാം/റിയാദ്: സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോകരുചികളുടെ വൻ വിരുന്നൊരുക്കി ‘ലുലു വേൾഡ് ഫുഡ് 2026’ന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഫെസ്റ്റിവൽ നവംബർ 10 വരെ തുടരും. അൽ ഖോബാർ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ ഉദ്ഘാടന ചടങ്ങുകളിൽ ഉപഭോക്താക്കളുടെ വൻ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
അൽ ഖോബാറിലെ ലുലു സൗദി ഹൈപ്പർമാർക്കറ്റിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രമുഖ ഷെഫുമാർ ചേർന്നാണ് മേള ഉദ്ഘാടനം ചെയ്തത്. സൗദി ഷെഫ് സഹ്റ അലി, ചൈനീസ് ഷെഫ് ലുവോ ഷെൻ ഹുവാ, ഇന്ത്യൻ പാചക വിദഗ്ധ ഹലാ മുഹമ്മദ്, ഈജിപ്ഷ്യൻ ഷെഫ് അബ്ദുൽ അസീസ്, ലെബനീസ് ഷെഫ് ബിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രശസ്ത ഇൻഫ്ലുവൻസറും എഴുത്തുകാരനുമായ ഖലഫ് അൽ ഷമ്മാരി, ഫിലിപ്പൈൻ ഷെഫ് ബ്രയാൻ ഗാവ്, ഇന്ത്യൻ ഷെഫ് ഫാസിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ജിദ്ദ അമീർ ഫവാസ് ലുലു ഹൈപ്പർമാർക്കറ്റിൽ സൗദി ഷെഫ് അഹമ്മദ് അയ്മൻ, തായ് ലാൻഡ് ഷെഫ് ചലിനീ പിംഗ്ബൻലാവോ, ഫിലിപ്പിനോ ഷെഫ് ഗ്ലോറിയ ഗ്വിബാനി എന്നിവരാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്.
തത്സമയ പാചക പ്രദർശനങ്ങൾ കാണാനും ആഗോള വിഭവങ്ങൾ രുചിച്ചറിയാനും ആദ്യദിനം മുതൽ തന്നെ ലുലുവിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സൗദി വിഭവങ്ങളുമായി ‘ടേസ്റ്റ്സ് ഓഫ് സൗദി’, അറേബ്യൻ രുചിക്കൂട്ടുകളുമായി ‘ടേസ്റ്റ്സ് ഓഫ് അറേബ്യ’, നാടൻ കേരളീയ-ഇന്ത്യൻ വിഭവങ്ങളുടെ ‘ടേസ്റ്റ് ഓഫ് ഇന്ത്യ’, ‘ദേശി ധാബ’, ‘നാടൻ തട്ടുകട’ എന്നിവയ്ക്കൊപ്പം ഏഷ്യൻ, ഇറ്റാലിയൻ, ഫിലിപ്പിനോ വിഭവങ്ങൾക്കായി പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഭാഗമായി ബിരിയാണി, മന്തി ചലഞ്ചുകൾ, കേക്ക് ഐസിംഗ്, വെജിറ്റബിൾ കാർവിംഗ് തുടങ്ങിയ തത്സമയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലുലു ഹാപ്പിനസ് പ്രോഗ്രാം അംഗങ്ങൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്.
ലുലു വേൾഡ് ഫുഡിന് ആദ്യദിനം ലഭിച്ച ആവേശകരമായ പ്രതികരണം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. സൗദിക്ക് പുതിയൊരു രുചി അനുഭവമായിരിക്കും ഈ മേള സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ വിലക്കുറവോടെ ഒരുക്കിയിരിക്കുന്ന ഈ രുചിമേള നവംബർ 10 വരെ സൗദിയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടരും.



