കെയ്റോ– ഈജിപ്തിലെ ഗിസ ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ 10 പേർ ദാരുണമായി മരിച്ചു. തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന മിനിബസും വലിയ ചരക്ക് വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് ശനിയാഴ്ച അപകടമുണ്ടായത്. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള 14 പേർക്ക് നിസ്സാരമോ ഇടത്തരമോ ആയ പരിക്കുകളാണുള്ളത്. മരിച്ച 10 പേരുടെയും മൃതദേഹങ്ങൾ ഒക്ടോബർ സെൻട്രൽ ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി.
അപകടവിവരം ലഭിച്ചയുടൻ പോലീസും ആംബുലൻസുകളും മിഡിൽ റിംഗ് റോഡിലെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കാൻ ട്രാഫിക് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഗ്രേറ്റർ കെയ്റോയിലെ പ്രധാന ഗതാഗത പാതകളിലൊന്നായ മിഡിൽ റിംഗ് റോഡ് നിരവധി നഗരങ്ങളെയും താമസമേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ്. മനുഷ്യസഹജമായ പിഴവാണോ, സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് വഴിവെച്ചതെന്ന കാര്യം പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിച്ചുവരികയാണ്. ദൃക്സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.



