വാഷിംഗ്ടൺ– അമേരിക്കയിലെ അറ്റ്ലാന്റയിൽ നടന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങൾ, മുൻഗണനാ മേഖലകളിലെ സഹകരണം, പ്രാദേശിക വെല്ലുവിളികൾ എന്നിവ യോഗത്തിൽ ചർച്ചയായി.
കൂടിക്കാഴ്ചയ്ക്കിടെ എക്സ്പോ 2030 റിയാദിൽ ഔദ്യോഗിക പങ്കാളിയായി അമേരിക്ക പങ്കെടുക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇത് എക്സ്പോയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് ഔപചാരിക ചട്ടക്കൂട് നൽകുമെന്നും അന്താരാഷ്ട്ര പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും വ്യക്തമാക്കി. അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരിയും യോഗത്തിൽ പങ്കെടുത്തു.
റഷ്യൻ, കനേഡിയൻ വിദേശകാര്യ മന്ത്രിമാരുമായും ചർച്ച
ജി-20 യോഗത്തിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും ഫൈസൽ രാജകുമാരൻ ചർച്ച നടത്തി. യെമൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെയും ബാബ് അൽമന്ദബിലെയും സമുദ്ര ഗതാഗത ഭീഷണികൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും വിലയിരുത്തി.
തുടർന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായും സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയ്ക്കെതിരെ ഹൂത്തി ഭീകരർ നടത്തുന്ന ആക്രമണങ്ങളെ ഇരുരാജ്യങ്ങളും അപലപിച്ചു. യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി കാജ കല്ലാസുമായും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷാ വിഷയങ്ങളിൽ അദ്ദേഹം ചർച്ച നടത്തി.



