ദുബായ്– ലൈസന്‍സില്ലാത്ത എക്സ്ചേഞ്ച് വഴി ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തി ഒരാളില്‍ നിന്ന് 26 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ആറ് പ്രതികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട ഡിജിറ്റല്‍ ആസ്തികള്‍ പൂര്‍ണ്ണമായി കണ്ടെത്താനും തിരിച്ചുപിടിക്കാനും പോലീസിന് സാധിച്ചു.
20 ലക്ഷം ദിര്‍ഹം പണമായും, 6,00,000 ദിര്‍ഹം മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയായുമാണ് ഇരയില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ഉടമകളുടെ വിവരങ്ങള്‍ മറച്ചുവെക്കാന്‍ സഹായിക്കുന്ന ഡീസെന്‍ട്രലൈസ്ഡ് വാലറ്റുകളിലേക്ക് ഡിജിറ്റല്‍ ആസ്തികള്‍ മാറ്റാന്‍ ഇരയെ പ്രേരിപ്പിച്ച ശേഷം പ്രതികള്‍ പണവുമായി കടന്നുകളയുകയായിരുന്നു.
വലിയൊരു തുക ഉപയോഗിച്ച് ക്രിപ്റ്റോകറന്‍സി വാങ്ങാന്‍ ആഗ്രഹിച്ച ഇര, ലൈസന്‍സില്ലാത്ത ഒരു കറന്‍സി എക്സ്ചേഞ്ചിനെ സമീപിക്കുകയും അവിടെവെച്ച് സംഘത്തിലെ ചിലരെ കണ്ടുമുട്ടുകയും ഇടപാട് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഇര തന്റെ ഡിജിറ്റല്‍ ആസ്തികള്‍ വാലറ്റുകളിലേക്ക് മാറ്റിയ ഉടന്‍, പ്രതികള്‍ പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ സങ്കീർണ്ണതയും വാലറ്റ് ഉടമകളെ പെട്ടെന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും മുതലെടുത്താണ് ഇവര്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.
പരാതി ലഭിച്ചയുടൻ ദുബായ് പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫീല്‍ഡ് ഓപ്പറേഷനുകളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ്, സാങ്കേതിക വിശകലനത്തിലൂടെയും ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയിലൂടെയും പണം നീങ്ങിയ വഴികൾ ട്രാക്ക് ചെയ്തു. കേസിന്റെ സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നിട്ടും, റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ആറ് പ്രതികളെയും പോലീസ് പിടികൂടിയത്. ആസ്തികൾ മറ്റ് വാലറ്റുകളിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ വിദഗ്ധർ അവ കണ്ടെത്തി സുരക്ഷിതമാക്കി.
പൊതുജനങ്ങള്‍ക്ക് ദുബായ് പോലീസിന്റെ കര്‍ശന മുന്നറിയിപ്പ്:
- അപരിചിതരായ ബ്രോക്കര്‍മാര്‍ വഴിയോ ലൈസന്‍സില്ലാത്ത എക്സ്ചേഞ്ചുകള്‍ വഴിയോ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തരുത്.
- ഇടപാടുകള്‍ക്ക് മുമ്പ് ഡിജിറ്റല്‍ ആസ്തി സേവന ദാതാക്കളുടെ നിയമപരമായ പദവി പരിശോധിക്കുക.
- കുറഞ്ഞ സമയത്തിനുള്ളില്‍ അസാധാരണമായ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ നിക്ഷേപ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കുക.
- അംഗീകൃത സ്ഥാപനങ്ങള്‍ വഴി മാത്രം ഇത്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തുക.
സംശയാസ്പദമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളും തട്ടിപ്പുകളും കാലതാമസമില്ലാതെ ദുബായ് പോലീസിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ലഭിക്കുന്ന എല്ലാ വിവരങ്ങളും പൂര്‍ണ്ണ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കി.



