ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാരഥ്യത്തിലുള്ള ‘മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്’ സംഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ ‘അറബ് റീഡിംഗ് ചാലഞ്ചിന്റെ’ പത്താം സീസണിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ(ജാലിയാത്ത്) ഇന്ത്യയെ പ്രതിനിധീകരിച്ച മഅദിൻ അക്കാദമി വിദ്യാർത്ഥി മുഹമ്മദ് ഷഹൻഷാ ലോകതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
അമേരിക്ക, ജർമനി, തുർക്കി, റഷ്യ, ഫിൻലന്റ്, സ്കോട്ട്ലന്റ്, സ്വിറ്റ്സ്വർലന്റ് തുടങ്ങി ലോകത്താകമാനമുള്ള 60 രാജ്യങ്ങളിൽ നിന്നായി 1,38,426 വിദ്യാലയങ്ങളിലെ നാല് കോടിയിലധികം (40,286,428) വിദ്യാർത്ഥികൾ മാറ്റുരച്ച ലോകത്തെ ഏറ്റവും വലിയ വായനാ മത്സരമാണിത്. 11 ദശലക്ഷം യു.എ.ഇ ദിർഹത്തിന്റെ (ഏകദേശം 25 കോടിയോളം ഇന്ത്യൻ രൂപ) പുരസ്കാരങ്ങൾ നൽകപ്പെടുന്ന ഈ വിജ്ഞാനോത്സവത്തിൽ, ന്യൂസിലാൻഡും മലേഷ്യയും ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളിലെ പ്രതിഭകളോട് കിടപിടിച്ചാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ശഹൻഷാഹ് ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്.
എട്ടു ലക്ഷം രൂപയുടെ സമ്മാനത്തുകയും പുരസ്‌കാരവും ഷഹന്‍ഷായ്ക്ക് ലഭിക്കും.
ദേശീയതല പ്രിലിമിനറി മത്സരങ്ങളിൽ മികവ് പുലർത്തിയാണ് ഷഹൻഷാ ദുബായിലെ ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് അറബി ഗ്രന്ഥങ്ങൾ വായിച്ചുതീർക്കുകയും അവയുടെ വിശകലനവും ആശയങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ജൂറിക്ക് മുന്നിൽ നടത്തിയ മികവുറ്റ പ്രകടനവുമാണ് ഷഹൻഷായെ ഈ ലോകോത്തര പുരസ്കാരത്തിന് അർഹനാക്കിയത്.
മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നടപ്പിലാക്കി വരുന്ന നൂതനവും വ്യവസ്ഥാപിതവുമായ അറബി ഭാഷാ പഠന രീതികളാണ് അന്താരാഷ്ട്രതലത്തിൽ ഈ മികച്ച നേട്ടം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് മുഹമ്മദ് ഷഹൻഷാ പറഞ്ഞു.
അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര കമ്മ്യൂണിറ്റി വിഭാഗത്തിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിച്ച സുഹൈബ് മജ്ദ് മുഹമ്മദ് ഒന്നാം സ്ഥാനവും, മലേഷ്യയിൽ നിന്നുള്ള ഹാല ഉസാമ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോഴാണ് ഇന്ത്യക്കായി മുഹമ്മദ് ഷഹൻഷാ മൂന്നാം സ്ഥാനം നേടിയത്.



