ദമാം– കിഴക്കൻ പ്രവിശ്യയിലെ പ്രധാന റോഡുകളിലെ 47 ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്തത് ഗതാഗത രംഗത്ത് വൻ മാറ്റമുണ്ടാക്കിയതായി അശ്ശർഖിയ നഗരസഭാ വക്താവ് ഫൈസൽ അൽസഹ്റാനി അറിയിച്ചു. നഗരങ്ങൾ തമ്മിലുള്ള യാത്രാസമയവും റോഡുകളിലെ തിരക്കും കുറയ്ക്കാൻ ഈ നടപടി സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
ഗതാഗത തടസ്സങ്ങൾ പരിഹരിച്ച് റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിഗ്നലുകൾ ഒഴിവാക്കിയത്. നീക്കം ചെയ്ത സിഗ്നലുകൾക്ക് പകരം യു ടേൺ പോയിന്റുകൾ സ്ഥാപിച്ചു.
അതേസമയം, ദമാം മെട്രോപൊളിറ്റൻ പ്രദേശത്ത് പ്രതിദിനം പതിനായിരത്തോളം ട്രക്ക് സർവീസുകൾ നടക്കുന്നുണ്ട്. ട്രക്ക് ഗതാഗതം കൂടുതൽ ക്രമീകരിക്കുന്നതിനായി നിർമ്മിക്കുന്ന രണ്ട് പ്രധാന പാർക്കിംഗ് കേന്ദ്രങ്ങളുടെ പണി 86 ശതമാനം പൂർത്തിയായി. ആയിരത്തിലധികം ട്രക്കുകൾ നിർത്തിയിടാൻ സൗകര്യമുള്ള ഈ പാർക്കിംഗ് കേന്ദ്രങ്ങൾ 2026 അവസാനത്തോടെ പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നും ഫൈസൽ അൽസഹ്റാനി കൂട്ടിച്ചേർത്തു.



