ദുബായ്- സ്തനാർബുദ ബോധവൽക്കരണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ അക്കാഫ് ഇവന്റ്സ് റിവൈവ് വെൽനെസ് ക്ലബ്ബും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ദുബായിയിൽ ‘പിങ്ക് സ്ട്രൈഡ്’ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അക്കാഫ് വെൽനെസ് സെക്രട്ടറി ലീനാ ഷബീർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് കുടുംബങ്ങളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ഐക്യദാർഢ്യത്തിന്റെ പിങ്ക് വസന്തമൊരുക്കി.
അക്കാഫ് ഇവന്റ്സ് ചെയർമാനും വെൽനെസ് ക്ലബ് അഡൈ്വസറുമായ ഷാഹുൽ ഹമീദ് ചടങ്ങ്
ഉദ്ഘാടനം ചെയ്തു. അക്കാഫ് സെക്രട്ടറി കെ.വി. മനോജ് ചടങ്ങിൽ സംസാരിക്കുകയും ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു. കാൻസർ അതിജീവിതരായ പ്രമീ മാത്യു, സുചിത്ര പ്രമോദ്, അഞ്ജു ജോബർട്ട് എന്നിവരെ അക്കാഫ് വെൽനെസ് ക്ലബ് അഡൈ്വസർമാരും അക്കാഫ് ലേഡീസ് വിംഗ് സെക്രട്ടറിമാരുമായ രഷ്മി ഐസക്, മുന ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു.
വെൽനെസ് ക്ലബ് മെന്റർ ഡോ. നീതു നിക്കോളസ് പങ്കെടുത്തവർക്ക് സ്തനാർബുദ പ്രതിരോധത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും സത്യവാചകം ചൊല്ലിക്കൊടുത്തു. ആസ്റ്റർ വോളന്റീർസ് റീജിയണൽ മാനേജർ ശമിസ് സത്യൻ പരിപാടി ഏകോപിപ്പിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. റിയ സ്വാമിദാസ്
സ്തനാർബുദ ബോധവൽക്കരണ പ്രഭാഷണം നടത്തി. രോഗം നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യം, കൃത്യമായ സ്വയം പരിശോധനാരീതികൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് ഡോക്ടർ വിശദമായി സംസാരിച്ചു.
ബോധവൽക്കരണത്തിന്റെ ഭാഗമായി അക്കാഫ് ഡാൻസ് ക്ലബ് അവതരിപ്പിച്ച തെരുവ് നാടകം ഏറെ ശ്രദ്ധേയമായി. വൈകുന്നേരത്തെ മനോഹരമായ അന്തരീക്ഷത്തിൽ പോണ്ട് പാർക്കിലെ വോക്കിംഗ് ട്രാക്കിലൂടെ സംഘടിപ്പിച്ച ബോധവൽക്കരണ നടത്തത്തിൽ മുതിർന്നവരും കുട്ടികളും ഒരുപോലെ ആവേശത്തോടെ പങ്കാളികളായി. പിങ്ക് വസ്ത്രങ്ങൾ ധരിച്ചെത്തിയ പങ്കാളികൾ കാൻസർ അതിജീവിതർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ചടങ്ങിൽ അക്കാഫ് വെൽനെസ് ക്ലബ് എക്സ്കോം കോർഡിനേറ്റർ അബ്ദുൽ സത്താർ നന്ദി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



