ഏദൻ– ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തി മിലിഷ്യയുടെ മിസൈൽ ആക്രമണം. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യെമൻ സേന അറിയിച്ചു. ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേൽക്കുകയും വിമാനത്താവളത്തിന് ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഏദൻ വിമാനത്താവളത്തെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തുന്ന ആറാമത്തെ ആക്രമണമാണിത്. യെമൻ ജനതയുടെ സുപ്രധാന സ്ഥാപനങ്ങളെയും വിഭവങ്ങളെയും മനഃപൂർവം ലക്ഷ്യമിടുന്ന ഹൂത്തി മിലിഷ്യയുടെ ശത്രുതാപരമായ നിലപാടാണ് ഇതിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് യെമൻ സേന കുറ്റപ്പെടുത്തി.
ഹൂത്തികളിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാനും അവരുടെ ആക്രമണങ്ങളെ ചെറുക്കാനുമുള്ള പ്രതിബദ്ധത യെമൻ സേന ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി സാധാരണക്കാരുടെയും പൊതുസ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കുമെന്നും സേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.



