റിയാദ്: മിഡിൽ ഈസ്റ്റിലെ സുരക്ഷാ ആശങ്കകളെത്തുടർന്ന് സൗദി അറേബ്യയിൽ നടത്താനിരുന്ന 2027-ലെ ഡാകർ റാലി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. അതേസമയം, റിയാദിനെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം സൗദി വ്യോമസേന വിജയകരമായി തടഞ്ഞു.
മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾ കാരണമാണ് 2027 ജനുവരിയിൽ സൗദിയിൽ നിശ്ചയിച്ചിരുന്ന ഡാകർ റാലി റദ്ദാക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ എക്സിലൂടെ (X) വ്യക്തമാക്കി. ഇതൊരു അസാധാരണവും ഒറ്റത്തവണയായുമുള്ള തീരുമാനമാണെന്നും, പകരം 2027-ലെ റാലി മറ്റേതെങ്കിലും രാജ്യത്ത് സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ, 2028-ൽ ഡാകർ റാലിയുടെ 50-ാം പതിപ്പിലൂടെ മത്സരം സൗദിയിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്നാണ് ഔദ്യോഗിക പ്രസ്താവനയിലുള്ളത്. ഇറാനെതിരായ യു.എസ്-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് സൗദിയിലെ മറ്റു പല പ്രധാന പരിപാടികളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇന്ന് പുലർച്ചെ റിയാദ് നഗരത്തിന് നേരെ ഹൂത്തി ഭീകരർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ, യെമനിലെ സൻആയിലുള്ള രണ്ട് ഹൂത്തി ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ സഖ്യസേന തകർത്തു. റിയാദിലേക്ക് മിസൈൽ അയക്കാൻ ഉപയോഗിച്ച ലോഞ്ചറും ഇതിൽ ഉൾപ്പെടുന്നു. ഹൂത്തികളുടെ മിസൈൽ ശൃംഖല പൂർണ്ണമായും തകർക്കുന്നത് വരെ ശക്തമായ സൈനിക നടപടികൾ തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.



