റിയാദ്- തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ട്ക്കോണം പുണർഥത്തിൽ പരേതരായ സോമരാജന്റേയും കമലമ്മയുടേയും മകൻ അജയകുമാർ (56) ഹൃദയാഘാതം മൂലം റിയാദിലെ ദവാദ്മിയിൽ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മരണം.
താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അജയകുമാറിനെ സ്വദേശി പൗരൻ അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിശോധനയിൽ ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഈ വിവരം പോലീസ് ഉദ്യോഗസ്ഥൻ കേളി ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനറെ അറിയിക്കുകയും കേളി നേതൃത്വത്തിന്റെ അന്വേഷണത്തിൽ മരണപ്പെട്ടത് കിളിമാനൂർ സ്വദേശി അജയകുമാറാണെന്ന് ബോധ്യപ്പെടുകയും നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുകുയുമായിരുന്നു.
36 വർഷമായി പെയിന്റിങ് ജോലി ചെയ്തു വന്നിരുന്ന അജയകുമാർ താമസരേഖയായ ഇഖാമ ഉറൂബിലായതിനാലും മറ്റ് നിയമ തടസ്സങ്ങളാലും പതിനഞ്ച് വർഷമായി നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
നാട്ടിലെ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി ഏരിയ ജീവകാരുണ്യവിഭാഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി. ദവാദ്മി ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിലവിലെ പ്രത്യേക സാഹചര്യത്തിൽ ദവാദ്മിയിലെ പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
സുഗന്ധി, അനിത, ജീന, ദവാദ്മിയിൽ മുൻ പ്രവാസിയായ ഷാജി എന്നിവർ സഹോദരീ സഹോദരന്മാരാണ്. അജയ കുമാർ വിവാഹ മോചിതനായിരുന്നു.



