ഷാർജ – 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ‘യു എ ഇ മലയാളി അക്ഷര സംഗമം’ നവംബർ 8ന് നടക്കും. വൈകിട്ട് മൂന്നിന് ഷാർജ എക്സ്പോ സെന്ററിലെ ബാൾ റൂമിൽ നടക്കുന്ന സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുലൈമാൻ മേൽപ്പത്തൂർ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറും.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വായനാസംസ്കാരത്തിന്റെയും പ്രചാരണത്തിന് പ്രാധാന്യം നൽകുന്ന സംഗമം പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയ്ക്കും ആശയവിനിമയത്തിനും വേദിയാകും.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവത ബുക്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാൽനൂറ്റാണ്ടിലേറെയായി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സജീവ സാന്നിധ്യമായ യുവത ബുക്സ് മലയാള പുസ്തകങ്ങളുടെയും വായനാസംസ്കാരത്തിന്റെയും പ്രചാരണത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



